ന്യൂദൽഹി-ദമ്പതികൾക്ക് രണ്ടിലേറെ കുട്ടികൾ പാടില്ലെന്ന നിബന്ധന ഉൾപ്പെടുത്തി ദേശീയ ജനസംഖ്യാ നയം പരിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ലോക്‌സഭയിൽ ബി.ജെ.പി എം.പിമാർ. സഹാറൻപൂരിൽ നിന്നുള്ള ബി.ജെ.പി എംപി രാഘവ് ലഖൻപാൽ ശർമയാണ് ജനസംഖ്യാ നിയന്ത്രണത്തിന് കടുത്ത നടപടികൾ ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. മൂന്നാം കുഞ്ഞുണ്ടാകുന്ന ദമ്പതികൾക്ക് എല്ലാ സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന് ജാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പി എം.പിയായ രവീന്ദ്ര കുമാറും ആവശ്യപ്പെട്ടു. ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ടിലേറെ കുട്ടികളുള്ള ആർക്കും ഒരു സർക്കാർ ആനുകൂല്യവും നൽകാൻ പാടില്ല. ആ വ്യക്തിക്കും കുടുംബത്തിനും, ദമ്പതികൾക്കും കുട്ടിക്കു പോലും ആനുകൂല്യങ്ങൾ നൽകരുത്. ഇവിടെ കുഞ്ഞിനെ കുറ്റപ്പെടുത്താനാവില്ലെങ്കിലും തന്റെ ഉത്തരവാദിത്തമില്ലാത്ത അച്ഛൻ തന്റെ ഭാവിയെകുറിച്ച് ചിന്തിച്ചില്ലെന്ന് ആ കുഞ്ഞും എന്നും ഓർക്കണം. ഇനി അദ്ദേഹം സ്വയം നിയന്ത്രണം ഏർപ്പെടുത്തിയാലും ഒരു തലമുറയ്ക്ക് മൊത്തം ആനുകൂല്യങ്ങൾ നിഷധിക്കണം,' രവീന്ദ്ര കുമാർ പറഞ്ഞു.
2000ലെ ദേശീയ ജനസംഖ്യാ നയം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് രാഘവ് ലഖൻപാൻ ശർമ ബിൽ കൊണ്ടുവന്നത്. 2018ൽ രണ്ടു കുട്ടികളെന്ന പുതിയ നയം രൂപീകരിക്കണമെന്നും മൂന്നാമത് ഉണ്ടാകുന്ന കുട്ടിക്ക് എല്ലാ ആനുലൂക്യങ്ങളും സബ്‌സിഡികളും സർക്കാർ ജോലിയും നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കുട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് മുസ്്‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന് ആരോപിച്ച് 2015ൽ ജാർഖണ്ഡിൽ ചേർന്ന ആർ എസ് എസ് പ്രത്യേക യോഗം ദേശീയ ജനസംഖ്യാ നയം പരിഷ്‌ക്കരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.