കോഴിക്കോട്- ആയിരങ്ങള്‍ തിങ്ങി നിറയേണ്ട മിഠായിത്തെരുവിന്ന് ശൂന്യമാണ്.
എട്ടാം തിയതി ലോക് ഡൗണ്‍ പ്രഖ്യപിച്ചതു മുതല്‍ ഇവിടങ്ങളിലെ കടകള്‍ അടഞ്ഞുകിടക്കുന്നു. നിരവധി കച്ചവടക്കാരാണ് ദുരിതത്തിലായത്.
പെരുന്നാള്‍ കച്ചവടം മുന്‍കൂട്ടി കണ്ട് വീടും പറമ്പും സ്വര്‍ണം പണയപ്പെടുത്തി പലിശയ്ക്ക് പണം വാങ്ങി ഓര്‍ഡര്‍ ചെയ്ത് എത്തിച്ച സാധനങ്ങള്‍ കടകള്‍ക്കുള്ളില്‍ കെട്ടിക്കിടക്കുന്നു.
കോവിഡ് തുടക്കം മുതല്‍ കച്ചവടം മന്ദഗതിയിലായിരുന്നുവെങ്കിലും പെരുന്നാള്‍ സീസണെ കുറിച്ച് കച്ചവടക്കാരില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് കോവിഡിന്റെ രൂഷമായ രണ്ടാം വരവും ലോക്ഡൗണും.
വാടകയും ശമ്പളവും കൊടുക്കാന്‍ കഴിയാതെ പല കടകളും ഇതിനകം അടച്ചു പൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈദിനോടനുബന്ധിച്ച് ചില ഇളവുകള്‍ നല്‍കിയിരുന്നു.
ഇത്തവണ ഒരിളവും അനുവാദിക്കാത്തതും കോവിഡിന്റെ വ്യാപനവും കച്ചവടക്കാര്‍ക്ക് ഇരുട്ടടിയായി.
കടകളിലുള്ള സാധനങ്ങളില്‍ ബാഗുകളും വില കൂടിയ ചെരിപ്പുകളും മറ്റും ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉപയോഗശൂന്യമാകുമെന്നും അത് വിറ്റഴിക്കാന്‍ കഴിയില്ലെന്നും കച്ചവടക്കാര്‍ പരിതപിക്കുന്നു.
കൂടാതെ കൊടുത്തു തീര്‍ക്കേണ്ട കടകളുടെ വാടകയെ കുറച്ചും വേവലാതിപ്പെടുകയാണ് ദുരിതകാലത്ത് കച്ചവടക്കാര്‍.
മിഠായിത്തെരുവിനെ ആരവങ്ങളുടെ ആഘോഷമാക്കുന്ന തെരുവ് കച്ചവടക്കാര്‍ ഇവിടത്തെ പ്രത്യേക കാഴ്ചയായിരുന്നു. അവരടക്കം ആയിരങ്ങളെ പട്ടിണിയിലേക്ക് മാത്രമല്ല, നഷ്ടങ്ങളിലേയ്ക്ക് കൂടിയാണ് നയിക്കുന്നത്.