ന്യൂദൽഹി -ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ സുഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വിചാരണ നടത്തിയ ജഡ്ജ് ബ്രിജ്‌ഗോപാൽ ലോയയുടെ മരണത്തിലെ ദൂരൂഹതകൾ വീണ്ടും ശക്തിപ്പെടുന്നു. ലോയയെ തന്ത്രപൂർവ്വം നാഗപൂരിലെത്തിച്ച് കൊലപ്പെടുത്തിയാണെന്ന സംശയം ബലപ്പെടുത്തുന്ന രേഖകളുമായി നേരത്ത ദി കാരവൻ മാസിക വാർത്ത പുറത്തു കൊണ്ടു വന്നിരുന്നു. തൊട്ടുപിറകെ ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് തെളിയിക്കുന്ന ഇ.സി.ജി പരിശോധനാ രേഖകൾ ഇന്ത്യൻ എക്‌സ്പ്രസ് പുറത്തു കൊണ്ടു വന്നിരുന്നു. ലോയയുടെ മരണം സ്വാഭാവികമാണെന്ന് തെളിയിക്കാൻ ഇന്ത്യൻ എക്‌സ്പ്രസ് അടക്കം ഒരു വിഭഗം മാധ്യമങ്ങൾ ആധാരമാക്കിയ രേഖകളിലെല്ലാം തിരിമറി നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് കാരവൻ മാസിക നടത്തിയിരിക്കുന്നത്.
കാരവൻ മാസികയുടെ ഓൺലൈൻ വാർത്താ വിഭാഗമായ വാന്റേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോയയുടെ അന്നത്തെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ ലോയ 2014 ഡിസംബർ 1ന് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ലോയയെ തന്ത്രപരമായി നാഗ്പൂരിലെത്തിച്ച് കൊലപ്പെടുത്തിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് മരണപ്പെട്ട ദിവസം പരസ്യപ്പെടുത്തിയ എല്ലാ രേഖകളിലും നടന്നിട്ടുള്ള വെട്ടിത്തിരുത്തലുകളെന്ന് കാരവൻ ലേഖനം വിശദമാക്കുന്നു. ലോയ താമസിച്ച സർക്കാർ ഗസ്റ്റ് ഹൗസിലെ രേഖകൾ, ലോയയെ ആദ്യം പ്രവേശിപ്പിച്ച ഡാൻഡെ ഹോസ്പിറ്റലിൽ നിന്നെടുത്ത ഇ.സി.ജി ചാർട്ട്, കാരവന്റെ ആദ്യ റിപ്പോർട്ടിനു തുടർന്ന് വിവിധ മാധ്യമങ്ങളിൽ വന്ന പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ തുടങ്ങിയവയാണ് മരണം കൂടുതൽ ദുരൂഹമാക്കുന്നത്.
ലോയ താമസിച്ചിരുന്ന നാഗ്പൂരിലെ സർക്കാർ ഗസ്റ്റ് ഹൗസായ രവി ഭവനിലെ താമസക്കാരുടെ 2014 ഡിസംബർ 3ലെ രജിസ്റ്ററിൽ 45, 46 പേജുകളിൽ നിന്ന് തിരിമറികൾ വ്യക്തമാണെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു. രജിസ്റ്ററിൽ ചില കളങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. മറ്റെല്ലാ എൻട്രികൾക്കൊപ്പവും ഒപ്പു കൂടി രേഖപ്പെടുത്തിയിരിക്കെ ഒരു എൻട്രിക്കൊപ്പം മാത്രം ഒപ്പില്ല. ഈ അതിഥിയെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തവരുടെ ഒപ്പുകളുമില്ല. ചെക്ക് ഇൻ തീയതിയും ചെക്ക് ഔട്ട് തീയതിയും ഒരേ ദിവസമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റു മുറികൾ ഒഴിഞ്ഞിരിക്കെ മൂന്ന്് ജഡ്ജിമാർ എന്തു കൊണ്ട് ഒരു മുറിയിൽ കഴിഞ്ഞുവെന്ന ചോദ്യത്തിനും ഉത്തരമില്ല.
ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്നതിന് സുപ്രധാന തെളിവായി പരസ്യപ്പെടുത്തിയ ഇ.സി.ജി ചാർട്ടിലെ വെട്ടിപ്പുകളും കാരവൻ തുറന്നു കാട്ടുന്നു. ലോയയ്ക്ക് കടുത്ത ഹൃദയാഘാതമുണ്ടായി എന്നതിന് ഒരു തെളിവും ഈ ഇ.സി.ജി ചാർട്ടിലില്ലെന്ന് ഇന്ത്യയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട രണ്ട് ഹൃദ്രോഗ വിദഗ്ധരെ ഉദ്ധരിച്ച് കാരവൻ വ്യക്തമാക്കുന്നു.
ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗസ്റ്റ് ഹൗസിന് സമീപത്തുള്ള പ്രമുഖ ആശുപത്രികളെ മാറ്റി നിർത്തി ലോയയെ അകലെയുള്ള ദാൻഡെ ഹോസ്പിറ്റലിൽ തന്നെ എത്തിച്ചതും ദുരൂഹമാണ്. ഈ ആശുപത്രി ഉടമയായ പിനാക് ദാൻഡെയ്ക്ക് ആർ.എസ്.എസുമായി ശക്തമായ ബന്ധമുണ്ട്. ഇ.സി.ജി തെളിവായി ചൂണ്ടിക്കാട്ടിയതും ദാൻഡെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ് വ് അദ്ദേഹത്തിന്റെ വാക്കുകളെ കൂടുതൽ് സംശയാസ്പദമാക്കുന്നു. മകിച്ച സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നാഗ്പൂരിലെ ലതാ മങ്കേഷ്‌കർ ഹോസ്പിറ്റൽ, വോക്കാർഡ്ത്ത് ഹോസ്പിറ്റൽ, വോക്കാർഡ്ത്ത് ഹേർട്ട് ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകാതെ ലോയയെ ആർ.എസ്.എസ് ബന്ധമുള്ള ഡോക്ടർ നടത്തുന്ന ആശുപത്രിയിലേക്ക് തന്നെ കൊണ്ടു പോയത്് എന്തു കൊണ്ട് എന്ന ചോദ്യമാണ് കാരവൻ ഉന്നയിക്കുന്നത്. ലോയയെ പരിശോധിക്കാൻ മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതു കൊണ്ട് മെഡിട്രിന ഹോസ്പിറ്റലിലേക്ക് മാറ്റിയതെന്നും ദാൻഡെ തന്നെ പറഞ്ഞിരുന്നു. തൊട്ടടുത്ത വാക്കാർഡ്ത്ത് ഹോസ്പിറ്റൽ, വോക്കാർഡ്ത്ത് ഹേർട്ട് ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കു മാറ്റാതെ മെഡിട്രിനിയിലേക്ക് തന്നെ മാറ്റിയതെന്ന് ചോദ്യവും ഇവിടെ ഉയരുന്നു.
ലോയയെ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുത്തുന്ന ലോയയുടെ സുഹൃത്തായ അഭിഭാഷകൻ ബൽവന്ത് യാദവിന്റെ പുതിയ വെളിപ്പെടുത്തലുകളും കാരവൻ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. 'ലോയയുടെ സംസകാര ചടങ്ങുകൾക്ക് ശേഷം ദുഖിതനായി എന്റെ വീട്ടിലെത്തിയ ഞങ്ങളുടെ പരിചയക്കാരനായ ഒരു ജഡ്ജി പറഞ്ഞത് അവർ അദ്ദേഹത്തെ കൊലപ്പെടുത്തി എന്നാണ്. അദ്ദേഹം ഇപ്പോൾ തുറന്നു പറയാൻ തയാറായിക്കൊള്ളണമെന്നില്ല. വിശ്വസനീയമായ ഒരു അന്വേഷണ ഏജൻസിക്കുമുമ്പിൽ അദ്ദേഹം ഇതു വെളിപ്പെടുത്താൻ തയാറാണ്,' ബൽവന്ത് പറഞ്ഞു. മഹാരാഷ്ട്ര ബാർ അസോസിയേഷൻ ഭാരവാഹികൂടിയാണ് ബൽവന്ത്.
ലോയയുടെ പോസ്റ്റ്‌മോർട്ടം രേഖകളിലും തിരിമറികൾ നടന്നിട്ടുണ്ട്്. ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി മൃതദേഹത്തിന്റെ സമീപത്തുള്ളവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിരിക്കണം. എന്നാൽ ലോയയുടെ കേസിൽ ലോയയോട് കൂടെ അവസാന സമയത്തുണ്ടായിരുന്ന ജഡ്ജിമാരുടേയോ ഡോക്ടർമാരുടെയോ മൊഴിയും മഹാരാഷ്ട്ര പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ലോയയുടെ മരണം അന്വേഷിക്കുന്ന പോലീസ് ഓഫീസർ ബി.ജെ.പി എം.എൽ.എ അനിൽ ബോൻഡെയുടെ സഹോദരൻ കൂടിയാണ്.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത 20 ചോദ്യങ്ങളും വിവിധ മാധ്യമങ്ങളിൽ വന്ന പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തു കൊണ്ടു വരുന്ന കാരവന്റെ പുതിയ റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.