ലണ്ടന്‍- പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കാമുകി കാരി സിമന്‍ഡ്‌സിനൊപ്പം നടത്തിയ ആഡംബര കരീബിയന്‍ യാത്രയെക്കുറിച്ച് പാര്‍ലമെന്റ് നിരീക്ഷകസമിതി അന്വേഷിക്കുന്നു. ബോറിസിന്റെ ഡൗണിങ് സ്ട്രീറ്റിലുള്ള ഫ്‌ളാറ്റിന്റെ ആഡംബര പണികള്‍ക്കായി വന്‍ തുക വായ്പയെടുത്തതില്‍ പൊരുത്തക്കേടുണ്ടെന്ന ആരോപണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷണം തുടരുന്നതിനിടെയാണിതും. മസ്റ്റിക് ദ്വീപിലെ ആഡംബരവില്ലയില്‍ പുതുവത്സരമാഘോഷിക്കാനായി 2019 ഡിസംബര്‍ 26 മുതല്‍ 2020 ജനുവരി അഞ്ചുവരെ പത്തുദിവസമാണ് ജോണ്‍സണും കാരിയും ചെലവിട്ടതെന്ന് 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ടു ചെയ്യുന്നു. എം.പി.മാരുടെ മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചായിരുന്നോ യാത്രയെന്ന് അന്വേഷിക്കുകയാണെന്ന് പാര്‍ലമെന്ററി സ്റ്റാന്റേഡ്‌സ് കമ്മിഷണര്‍ കാതറിന്‍ സ്‌റ്റോണ്‍ അറിയിച്ചു. 15000 പൗണ്ടാണ് യാത്രയ്ക്കായി ചെലവായത്. കാര്‍ഫോണ്‍ വേര്‍ഹൗസ് സ്ഥാപകനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുവേണ്ടി ഫണ്ടിറക്കുന്നയാളുമായ ഡേവിഡ് സാണ് വിരുന്നൊരുക്കിയതെന്ന് ബോറിസ് പറഞ്ഞിരുന്നു. എന്നാല്‍, പണം താനല്ല ചെലവിട്ടതെന്നായിരുന്നു റോസിന്റെ ആദ്യപ്രതികരണം. പിന്നാലെ തിരുത്തുകയുംചെയ്തു. ഇതോടെയാണ് വിഷയം വിവാദമായത്.
ആരാണ് പണം നല്‍കിയതെന്നും പ്രതിഫലമായി എന്തുചെയ്തുകൊടുത്തെന്നും ബോറിസ് വ്യക്തമാക്കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്യലാണിതെന്നും പാര്‍ട്ടി ആരോപിച്ചു. ഫ്‌ളാറ്റ് മോടികൂട്ടിയ സംഭവത്തില്‍ ബോറിസിനും കാരിക്കും എതിരെ ഇലക്ടറല്‍ കമ്മീഷന്റെ അന്വേഷണത്തില്‍ ഇരുവരുടെയും സ്വകാര്യ ഇമെയിലും, ഫോണ്‍ സന്ദേശങ്ങളും ഔദ്യോഗിക അന്വേഷണത്തിനായി സമര്‍പ്പിക്കേണ്ട സ്ഥിതി വരും. നിയമലംഘനത്തിന് കമ്മീഷന്റെ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്ന ആദ്യ സിറ്റിംഗ് പ്രധാനമന്ത്രിയാണ് ബോറിസ്.
വീടിന് മോടി കൂട്ടാനായി അധിക ചെലവ് വന്ന 58000 പൗണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കുകയും, പിന്നീട് ടോറി ഡോണര്‍ ലോര്‍ഡ് ബ്രൗണ്‍ലോ ഇത് ഏറ്റെടുക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഈ പണം താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കിയെന്ന് ബോറിസ് ജോണ്‍സണ്‍ എംപിമാരോട് രോഷത്തോടെ വ്യക്തമാക്കിയിട്ടുണ്ട്. ഡൊണേഷന്‍ ലഭിച്ചത് വെളിപ്പെടുത്താതിരുന്നാല്‍ ഇലക്ടറല്‍ നിയമപ്രകാരം 20,000 പൗണ്ട് വരെ പിഴ ലഭിക്കുന്ന കുറ്റമാണ്.