മുംബൈ- മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിധി ഈ മാസം 19 ലേക്ക് മാറ്റി. ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടര്‍ന്നാണ് ഗോവയിലെ മാപുസ ജില്ലാ സെഷന്‍സ് കോടതി വിധി നീട്ടിയത്.ജഡ്ജി ക്ഷമ ജോഷി ബുധനാഴ്ച വിധി പ്രസ്താവിക്കേണ്ടതായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30 ന് ഗോവ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത തേജ്പാലിന് 2014 ജൂലൈ ഒന്നിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
2014 ഫെബ്രുവരിയില്‍ ക്രൈം ബ്രാഞ്ച് 2846 പേജ് കുറ്റപത്രം സമര്‍പ്പിച്ചു.
2017 സെപ്റ്റംബര്‍ 29 ന് കോടതി ലൈംഗിക പീഡനവും ക്രിമിനല്‍ ബലപ്രയോഗവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.
2017 സെപ്റ്റംബറില്‍ വിചാരണ ആരംഭിച്ചെങ്കിലും തേജ്പാല്‍ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതിനാല്‍ കാലതാമസം നേരിട്ടു.
2019 ഓഗസ്റ്റില്‍ തേജ് പാലിന്റെ ഹരജി തള്ളിയ സുപ്രീംകോടതി രഹസ്യ വിചാരണ നടത്താനും ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിടുകയായിരുന്നു.