മക്ക- വിജയകരമായ ഒരു റമദാന്‍കൂടി പിന്നിട്ട് മക്കയിലെ മസ്്ജിദുല്‍ ഹറാം. കോവിഡ് മഹാമാരിയുടെ കാലത്ത് കര്‍ശനമായ സുരക്ഷാ പ്രതിരോധ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കിയതിന്റെ ആശ്വാസത്തിലാണ് ഹറം പ്രസിഡന്‍സി.
ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഹറമിലെത്തിയത്. ഒരാള്‍ക്ക് പോലും രോഗമില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ, അങ്ങേയറ്റം ശാസ്ത്രീയമായ പ്രതിരോധപരിപാടികളാണ് ഇവിടെ നടപ്പാക്കിയത്. ഓരോ നിമിഷവും ഹറം അണുവിമുക്തമാക്കിയും തീര്‍ഥാടകരുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയുമായിരുന്നു ഈ നേ്ട്ടം. പ്രവേശനം നിയന്ത്രിച്ചത് പൂര്‍ണമായും മൊബൈല്‍ ആപ്പുകള്‍ വഴിയായിരുന്നു.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളില്‍ പ്രാര്‍ഥിക്കാനായി എത്തുന്നത്. ഈ വിശാലമായ ജനക്കൂട്ടത്തെ സുരക്ഷിതമായി ആരാധനകള്‍ നിര്‍വഹിക്കാന്‍ ്പ്രാപ്തരാക്കുക എന്നത് വലിയ പ്രയത്‌നമാണ്. അതാണ് സൗദി ഭരണകൂടം സാധിച്ചെടുത്തത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനായി 2020 ല്‍ ഹജ് നിര്‍വഹിക്കുന്നതില്‍നിന്ന് അന്താരാഷ്ട്ര സന്ദര്‍ശകരെ സൗദി അറേബ്യ വിലക്കി. രാജ്യത്ത് താമസിക്കുന്ന വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കുകയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയും ചെയ്യുന്നതിനാല്‍ വിശ്വാസികള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടുമെന്നാണ് പ്രതീക്ഷ. അവര്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെങ്കില്‍.
സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഈ പ്രോട്ടോക്കോളുകളുടെ മേല്‍നോട്ടം വഹിക്കുന്ന രണ്ട് വിശുദ്ധ പള്ളികളുടെയും ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്നു.