അയോധ്യ- കൂരിരുള്‍ നിറഞ്ഞ സമകാലിക ഇന്ത്യയില്‍ നിന്ന് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത. മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ തല്ലിച്ച പിശാചുക്കളുടെ കേളീരംഗമായിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ അയോധ്യയില്‍ നിന്നാണ് പഴയ ഇന്ത്യയെ നമുക്ക് തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷയുണര്‍ത്തുന്ന വൃത്താന്തം. അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലാണ് മദ്രസ അദ്ധ്യാപകനെ ഗ്രാമപ്രധാനായി തെരഞ്ഞെടുത്തത്. ഹഫീസ് അസീമുദ്ദീനാണ് വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയച്ചത്. അറുനൂറ് വോട്ടര്‍മാരുള്ള ഗ്രാമത്തില്‍ 200 വോട്ടുകളാണ് ഹഫീസിന് ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അവിശ്വസനീയമായ വിജയമെന്നാണ് സോഷ്യല്‍ മീഡിയ ഹഫീസിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ആറ് പേരാണ് അധ്യാപകനെതിരെ മത്സരിച്ചത്. റമദാന്‍ സമ്മാനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് സ്ഥാനാര്‍ത്ഥി പ്രതകരിച്ചത്. മത്സരിച്ച ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെയായിരുന്നു. ഇസ്‌ലാമിക പഠനത്തില്‍ ബിരുദമുള്ള ഹഫീസ് ഏതാണ്ട് 10 വര്‍ഷത്തോളം മദ്രസകളില്‍ പഠിപ്പിച്ചിരുന്നു. പിന്നീട് കുടുംബ തൊഴിലായ കൃഷി ജീവിതോപാധിയായി സ്വീകരിച്ചു. ഗ്രാമത്തിലെ സാമൂഹിക വിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യവും ഇടപെടലുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.