ചെന്നൈ-തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. തന്റെ ഭാവി പരിപാടികള്‍ സംബന്ധിച്ച ഡിസംബര്‍ 31-ന് രജനികാന്ത് വലിയ പ്രഖ്യാപനം നടത്താനിരിക്കുകയാണ്. അതിനു മുന്നോടിയായി ചൊവ്വാഴ്ച മുതല്‍ ആരാധകരുമായി കൂടിക്കാഴ്ച തുടങ്ങും. ആറു ദിവസം തന്റെ ഫാന്‍സുമായി കൂടിയാലോചിച്ച ശേഷമാണ് പ്രഖ്യാപനം ഉണ്ടാകുക. പ്രമുഖ ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകനായ തമിലരുവി മണിയനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തവണ രജിനകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സംശങ്ങള്‍ ബാക്കിവക്കില്ലെന്നാണ് മണിയന്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളായി രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന ഊഹാപോങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച രജനികാന്തുമായി ഏറെ നേരം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മണിയന്‍ ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. അതേസമയം രജനികാന്തിന്റെ വക്താക്കളുടെ പ്രതികരണം വന്നിട്ടില്ല. ഓഗസ്റ്റില്‍ മണിയന്‍ ആയിരക്കണക്കിന് രജനി ഫാന്‍സിന്റെ യോഗം വിളിച്ചു ചേര്‍ത്ത് രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നു.
മേയില്‍ നടന്ന രജനി ഫാന്‍സിന്റെ മഹാസമ്മേളനവും രാഷ്ട്രീയ രംഗ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. ദൈവ നിശ്ചയമുണ്ടെങ്കില്‍ അടുത്ത ദിവസം തന്നെ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നായിരുന്നു അന്ന് രജനിയുടെ പ്രഖ്യാപനം. എന്നാല്‍ ഇതു സംബന്ധിച്ച വിശദീകരണങ്ങള്‍ തേടിയെങ്കിലും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു, അതിലപ്പുറം ഒന്നുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.