അബുദബി- ഒട്ടക പാലില്‍ പ്രമേഹ രോഗികള്‍ക്ക് ഗുണകരമായ ഘടങ്ങള്‍ ഉണ്ടെന്ന് യുഎഇ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരുടെ കണ്ടെത്തല്‍. ഒട്ടകപ്പാലില്‍ നിന്നെടുത്ത ബയോആക്ടീവ് ആയ പെപ്‌റ്റൈഡുകള്‍ക്ക് മനുഷ്യരിലെ ഇന്‍സുലിനേയും കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിനേയും ഗുണപരമായി സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രമേഹ രോഗികള്‍ക്ക് ഒട്ടക പാലില്‍ നിന്ന് ഔഷധ ഗുണം ലഭിക്കുമെന്ന് പല പഠനങ്ങളും നേരത്തെ വന്നിട്ടുണ്ട്. എങ്കിലും ഈ ഗുണത്തിന്റെ കൃത്യമായ ഉള്ളറ തന്മാത്രാ രഹസ്യങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നില്ല. ഇതു സംബന്ധിച്ചായിരുന്നു യുഎഇ യുണിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ ഗവേഷണം.
ഒട്ടകപ്പാലിലെ പ്രോട്ടീന്‍ ഘടകങ്ങളില്‍ നിന്ന് പ്രമേഹത്തെ പ്രതിരോധിക്കുന്ന പെപ്‌റ്റൈഡുകളെ വേര്‍ത്തിരിച്ചെടുക്കുകയായിരുന്നു ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ഒട്ടകപ്പാലിന്റെ പ്രോട്ടീനുകളെ വേര്‍ത്തിരിച്ചെടുക്കുന്നതും അവയുടെ ഔഷധഗുണം കണ്ടെത്തുകയും ചെയ്ത ആദ്യ പഠനമാണിതെന്നും ഗേവഷകര്‍ പറയുന്നു. ഈ ഗവേഷണം പ്രമേഹത്തിന് ഒട്ടകപ്പാലില്‍ നിന്ന് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് പഠന സംഘത്തിലുള്‍പ്പെട്ട യുഎഇ യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് ഫൂഡ് ആന്റ് അഗ്രികള്‍ചര്‍ വകുപ്പിലെ ഡോ. സാജിദ് മഖ്‌സൂദ് പറയുന്നു.