ഗംഗയില്‍ ഒഴുകുന്നത് നൂറുകണക്കിന് മൃതദേഹങ്ങള്‍; കോവിഡ് രൂക്ഷമായ യുപിയിലും ബിഹാറിലും ഞെട്ടിക്കുന്ന കാഴ്ചകള്‍

ഗാസിപൂര്‍- ഉത്തരേന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയും കണക്കില്ലാത്ത മരണങ്ങള്‍ ഉയരുകയും ചെയ്യുന്നതിനിടെ ജീര്‍ണിച്ചതും ദിവസങ്ങള്‍ പഴക്കമുള്ളതുമായ നിരവധി മൃതദേങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്നു. ബിഹാറിലെ ബക്‌സറില്‍ കഴിഞ്ഞ ദിവസം ഗംഗാ നദിയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവത്തിനു പിന്നാലെ ഇന്ന് യുപിയിലെ ഗാസിപൂരിലും നിരവധി മൃതദേഹങ്ങള്‍ ഗംഗാ തീരത്തടിഞ്ഞു. യുപിയില്‍ പലയിടത്തും ശ്മശാനങ്ങളില്‍ പോലും ഇടമില്ലാത്ത വിധം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണിത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്നും സംശയിക്കപ്പെടുന്നു. പലതും പാതി കരിഞ്ഞ നിലയിലാണ്. ബിഹാറില്‍ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കുന്ന ആചാരമില്ലാത്തതിനാല്‍ ഇവ യുപിയില്‍ നിന്ന് ഒഴുകി വന്നതാണെന്നാണ് ബിഹാര്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

ഗാസിപൂരില്‍ ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിച്ചു വരികയാണെന്ന് ഗാസിപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.പി സിങ് പറഞ്ഞു. ഇവ എവിടെ നിന്നാണ് ഒഴുക്കിവിട്ടതെന്നും കണ്ടെത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു. കടുത്ത ദുര്‍ഗന്ധത്തെ കുറിച്ചും അധികൃതരുടെ അലംഭാവത്തെക്കുറിച്ച് നാട്ടുകാര്‍ പരാതി പറയുന്നുമുണ്ട്. ഈ മൃതദേഹങ്ങളില്‍ കോവിഡ് പടരുമെന്ന ആശങ്കയും പ്രദേശ വാസികള്‍ പ്രകടിപ്പിക്കുന്നു.

ബിഹാറില്‍ കഴിഞ്ഞ ദിവസം ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതു സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശഖാവത്ത് പ്രതികരിച്ചിരുന്നു. തീര്‍ച്ചയായും ഇത് അന്വേഷിക്കുമെന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നൂറിലെറെ ജീര്‍ണിച്ച മൃതദേഹങ്ങളാണ് ബക്‌സറില്‍ ഗംഗാനദിയില്‍ കണ്ടെത്തിയത്. യുപി-ബിഹാര്‍ അതിര്‍ത്തിയായ ചൗസയിലും നിരവധി മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകിയെത്തി. ഇവയ്ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടന്നാണ് ഇവ പുറത്തെടുത്ത അധികൃതര്‍ പറഞ്ഞത്.

Latest News