Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കോണ്‍ഗ്രസ് റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി- സോണിയയെ വിമര്‍ശിച്ച് നദ്ദ 

ന്യൂദല്‍ഹി-കോവിഡ് കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തിലൂടെ മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ. കേരളത്തിലെ തെരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള രൂക്ഷവിമര്‍ശനമാണ് കത്തിലൂടെ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗാളിലും മറ്റും നടത്തിയ റാലികളെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചതിന് മറുപടിയായിട്ടാണ് നദ്ദയുടെ കത്ത്. 'നിങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി സ്വന്തം താത്പര്യത്തിനായി ലോക്ക്ഡൗണുകളെ എതിര്‍ക്കുകയും പിന്നീടത് ആവശ്യപ്പെടുകയും ചെയ്യുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള കേന്ദ്രത്തിന്റെ ഉപദേശങ്ങള്‍ അവഗണിക്കുകയും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് പറയുകയും ചെയ്തു. കേരളത്തില്‍ വലിയ രീതിയില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് കോവിഡ് വര്‍ദ്ധനവിന് ഇടയാക്കി. അതേ സമയം നിങ്ങള്‍ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ എതിര്‍ക്കുന്നു. പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നു, എന്നിട്ട് കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു' നദ്ദ കത്തില്‍ പറഞ്ഞു.
കോവിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ഉത്തരേന്ത്യയിലെ സൂപ്പര്‍ സ്‌പ്രെഡ് രാഷ്ട്രീയ ചടങ്ങുകളില്‍ സന്തോഷത്തോടെ പങ്കെടുക്കുകയായിരുന്നു. അവിടെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. അത്തരം കാര്യങ്ങളൊന്നും പൊതുജനത്തിന്റെ മനസ്സില്‍ നിന്ന് മായിച്ചുകളയാനാകില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ ഗാന്ധി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. മോഡി സര്‍ക്കാര്‍ മഹാമാരിയെ അവഗണിച്ചതിന് രാജ്യം ഭയാനകരമായ വിലയാണ് നല്‍കുന്നത്, തുടങ്ങിയ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പെരുമാറ്റം ഇരട്ടത്താപ്പും നിന്ദ്യവുമാണെന്നും നദ്ദ കത്തില്‍ പറഞ്ഞു.
ഇന്ത്യ വളരെ ധീരതയോടെ കോവിഡിനെതിരെ പോരാടുമ്പോള്‍ കോണ്‍ഗ്രസ് ഊന്നല്‍ നല്‍കിയത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും പരിഭ്രാന്തി സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുന്നതിലുമാണ്. ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിനെ കോണ്‍ഗ്രസ് പരിഹസിക്കുകയും ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിച്ചുവെന്നും നദ്ദ ആരോപിച്ചു.


 

Latest News