Sorry, you need to enable JavaScript to visit this website.

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ  തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന്‍

ചെന്നൈ- സൊറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. പി കന്ദസ്വാമിയെ വിജിലന്‍സ് ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത്. ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2010ലെ സൊറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ കന്ദസ്വാമി സിബിഐ ഐജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച സ്റ്റാലിന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്.
 

Latest News