ഹൈദരാബാദ്- തിരുപ്പതിയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി ഐസിയുവില്‍ 11 കോവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ഓക്‌സിജനുമായി വന്ന ടാങ്കര്‍ ആശുപത്രിയിലെത്താന്‍ ഏതാനും നിമിഷങ്ങള്‍ വൈകിയതാണ് കാരണം. ഈ ആശുപത്രിയില്‍ ആയിരത്തോളം കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായി നിരവധി രോഗികളെ രക്ഷിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരുപ്പതി, ചിറ്റൂര്‍, നെല്ലൂര്‍, കഡപ്പ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് ഈ ആശുപത്രിയില്‍ ചികിത്സിക്കുന്നത്.
തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് ഓക്‌സിജന്‍ ആശുപത്രിയില്‍ തീര്‍ന്നത്. അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ 11 രോഗികളുടെ മരണം സംഭവിച്ചു. വൈകാതെ ഓക്‌സ്ജിന്‍ വിതരണം പുനസ്ഥാപിക്കുകയും ചെയ്തു. കൂട്ടമരണം സംഭവിച്ചതോടെ രോഗികളുടെ രോഷാകുലരായ ബന്ധുക്കള്‍ ഐസിയുവിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കി. മേശകളും ഉപകരണങ്ങളും മറിച്ചിട്ടും മരുന്നുകള്‍ നശിപ്പിച്ചും അലങ്കോലമാക്കി. ഐസിയുവിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും നേരത്തെ രക്ഷതേടി സ്ഥലംവിട്ടിരുന്നു. പോലീസ് എത്തിയശേഷമാണ് ഇവരും തിരിച്ചെത്തിയത്.