നോയിഡ- ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്.
മെയ് എട്ടിനാണ് പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഭര്‍ത്താവ് റോഷന്‍ ചന്ദ്ര മരിച്ചത്. ആശുപത്രി വാര്‍ഡില്‍ മാനഭംഗത്തിനിരയായെന്നും ആശുപത്രി അധികൃതര്‍ ഐസിയുവിലെ ഓക്‌സിജന്‍ വിതരണം മനഃപൂര്‍വ്വം ഓഫ് ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഭര്‍ത്താവിന്റെ മരണത്തിന് ഇതാണ് കാരണമെന്നും ദുരനുഭവം വിവരിച്ചുകൊണ്ട് യുവതി പറഞ്ഞു.
നോയിഡയില്‍ താമസിക്കുന്ന കുടുംബം ഹോളി ആഘോഷിക്കാനാണ് ഭഗല്‍പൂരിലെത്തിയത്. കോവിഡ് കേസുകള്‍ രാജ്യത്തുടനീളം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും
ഏപ്രില്‍ ഒമ്പതിന് ഭര്‍ത്താവിന്റെ ആരോഗ്യം മോശമായി. ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും ആരോഗ്യനില മോശമായതിനാല്‍ ഭഗല്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയെങ്കിലും രണ്ടാം തവണയും നെഗറ്റീവ് ആയിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്.
![]() |
ആശ്വാസ വാര്‍ത്ത; രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു |
ഡോക്ടര്‍മാര്‍ ശരിയായി ചികിത്സിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ നോയിഡയിലെ ഒരു ഡോക്ടറുമായി ആലോചിച്ചു. സിടി സ്‌കാന്‍ ചെയ്യാനാണ് അദ്ദേഹം വീഡിയോ ചാറ്റില്‍ നിര്‍ദേശിച്ചത്. സിടി സ്‌കാന്‍ ചെയ്തപ്പോള്‍ 60 ശതമാനം അണുബാധ കണ്ടെത്തി. ആശുപത്രിയിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഭഗല്‍പൂരിലെ മയഗഞ്ചിലെ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ നല്‍കി തുടങ്ങിയതിനുശേഷം ആംഗ്യങ്ങളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു മിസ് കോളിലൂടെയാണ് ഭര്‍ത്താവ് ശ്രദ്ധ ക്ഷണിച്ചിരുന്നത്.
ബെഡ്ഷീറ്റ് പോലും മാറ്റാത്തതിനാല്‍ ഐസിയുവിലെ സ്ഥിതി അങ്ങേയറ്റം ദയനീയമായിരുന്നു. മൂത്രത്തില്‍ നനഞ്ഞ കിടക്കയില്‍ തന്നെ തുടരാന്‍ രോഗികള്‍ നിര്‍ബന്ധിതരായിരുന്നു. എന്റെ ഭര്‍ത്താവും ആറേഴ് മണിക്കൂര്‍ വരെ അങ്ങനെയാണ് കഴിഞ്ഞത്. ജീവനക്കാര്‍ ബെഡ്കവര്‍ മാറ്റുകയോ മാറ്റാന്‍ ഞങ്ങളെ അനുവദിക്കുകയോ ചെയ്തില്ല- അവര്‍ പറഞ്ഞു.
ഒരു ദിവസം അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ മോശമായി. മിസ്ഡ് കോള്‍ അടിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ കയറി നോക്കിയപ്പോള്‍ ഓക്‌സിജന്‍ മാസ്‌കിന്റെ പൈപ്പ് ഘടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. സഹായത്തിനായി നിലവിളിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വന്ന് പൈപ്പുമായി ബന്ധിപ്പിച്ചു. ഈ സംഭവം ഭര്‍ത്താവിനെ ഭയപ്പെടുത്തി. മുതിര്‍ന്ന ഡോക്ടറോട് പരാതിപ്പെട്ടപ്പോള്‍ എന്റെ കണ്ണുകള്‍ കുത്തി പുറത്തെടുക്കുമെന്നാണ് മറുപടി നല്‍കിയത്. ജ്യോതി കുമാറെന്ന വാര്‍ഡ് ബോയി ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ദുപ്പട്ട വലിക്കുകയും അരക്കെട്ടില്‍ പിടിക്കുകയും ചെയ്തു. അനുചിതമായി പെരുമാറിയ ഇയാള്‍ ഐസിയുവിന് പുറത്തുള്ള ഇടനാഴിയിലെ ഒരു ബെഞ്ചിലിരിക്കുമ്പോഴും മോശമായി പെരുമാറി- യുവതി പറഞ്ഞു.
ഭര്‍ത്താവിന്റെ ആരോഗ്യം മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് കൂടിയ വിലയ്ക്ക് ഒരു റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വാങ്ങി ഡോക്ടര്‍ക്ക് നല്‍കി യെങ്കിലും പകുതി കുത്തിവെച്ച് ബാക്കി ഡോക്ടര്‍ സൂക്ഷിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കുന്ന മരുന്നാണെന്നും ഉയര്‍ന്ന വില നല്‍കിയാലും എളുപ്പത്തില്‍ ലഭിക്കില്ലെന്നും പരാതിപ്പെട്ടപ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഡോക്ടറും മറ്റ് മെഡിക്കല്‍ സ്റ്റാഫും ഭീഷണിപ്പെടുത്തി. അവര്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭയന്നതിനാല്‍ പിന്നീടൊന്നും പറഞ്ഞില്ല.
ഒടുവില്‍ ഭര്‍ത്താവിനെ മയഗഞ്ച് ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചെങ്കിലും നോയിഡയിലെ ആശുപത്രികളിലൊന്നും ബെഡ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഏപ്രില്‍ 26 ന് പട്‌നയിലെ രാജേശ്വര്‍ ആശുപത്രിയില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അഖിലേഷ് കുമാര്‍ എന്ന ഡോക്ടര്‍ ഐ.സി.യു സന്ദര്‍ശനത്തിനിടെ പലതവണ അനുചിതമായി സ്പര്‍ശിച്ചു. ഭര്‍ത്താവിനെ എന്തെങ്കിലും ചെയ്‌തേക്കുമെന്ന് ഭയന്ന് ബഹളമുണ്ടാക്കുകയോ ആരോടെങ്കിലും പരാതിപ്പെടുകയോ ചെയ്തില്ല.
ഉയര്‍ന്ന വിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ രോഗികളെ നിര്‍ബന്ധിക്കാനാണ് ആശുപത്രി അധികൃതര്‍ ഐസിയുവില്‍ ഓക്‌സിജന്‍ വിതരണം മനപ്പൂര്‍വം നിര്‍ത്തിയതെന്ന് യുവതി ആരോപിച്ചു.
ഓക്‌സിജന്‍ ക്ഷാമം കാരണമാണ് ഐ.സി.യുവിലെ വിതരണം മുടങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സിലിണ്ടര്‍ വാങ്ങി നല്‍കി. ആശുപത്രി അധികൃതര്‍ ഐസിയുവിലെ ഓക്‌സിജന്‍ വിതരണം പതിവായി നിര്‍ത്തിയതാണ് മെയ് എട്ടിന് എന്റെ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
ഭഗല്‍പൂരിലെയും പട്‌നയിലെയും ആശുപത്രികള്‍ക്കെതിരെ എവിടെ പരാതിപ്പെടണമെന്ന് അറിയില്ല. എന്നോടും ഭര്‍ത്താവിനോടും കാണിച്ച ക്രൂരത മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി നിതീഷ് കുമാര്‍, സംസ്ഥാന ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ എന്നിവരോട് അപേക്ഷിക്കുകയാണ്- അവര്‍ പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ ബിഹാര്‍, ദല്‍ഹി, ദേശീയ വനിതാ കമ്മീഷനുകളോടും അവര്‍ അഭ്യര്‍ഥിച്ചു.