തിരുവനന്തപുരം- കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് വാർഡ് തലത്തിൽ രൂപം കൊടുത്ത ആർ.ആർ.ടി (റാപ്പിഡ് റെസ്‌ക്യൂ ടീം) സർക്കാർ രാഷ്ട്രീയ വൽക്കരിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. എല്ലവരെയും ഉൾപ്പെടുത്തി രൂപീകരിക്കേണ്ട ആർ.ആർ.ടിയിൽ ഒരു വിഭാഗത്തെ മാത്രമാണ് ഉൾപ്പെടുത്തുന്നത്.ദയവായി റാപ്പിഡ് റെസ്‌ക്യൂ ടീമിനെ സി.പി.എമ്മിന്റെ പോഷകസംഘടനയാക്കി മാറ്റരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഈ മഹാമാരിയുടെ കാലത്തെങ്കിലും എല്ലവരെയും ഒരുമിച്ച് നിർത്താനുള്ള മനസ്സ് സർക്കാർ കാണിക്കണം. കോവിഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. ഇതിന് സർക്കാർ തയ്യാറാകണം.
വടകരയിൽ എം.പിയുടെ ഹെൽപ്പ് ഡെസ്‌ക്കിലേക്ക് ദിനംപ്രതി നിരവധി പേരാണ് വിളിക്കുന്നത്.ഇവർക്ക് ആവശ്യമുള്ള സഹായങ്ങൾ കൃത്യമായി എത്തിക്കുന്നുണ്ട്. ഇതിനെതിരെയും ചിലർ കുപ്രചരണം നടത്തുകയാണ്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ പോലും ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്നവർ കോവിഡിനെക്കാൾ അപകടകാരികളായ വൈറസുകളാണ്.ആരും ഇത്തരം കുപ്രചരണങ്ങൾ വിശ്വസിക്കരുത്. കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.