ലണ്ടന്‍- കൊറോണയെ പിടിച്ചു കെട്ടാനായതിന്റെ ആത്മവിശ്വാസത്തില്‍ ബ്രിട്ടന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേയ്ക്ക്. അടുത്ത തിങ്കളാഴ്ച മുതല്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒരു വര്‍ഷത്തിനിടെ ആദ്യമായി ആലിംഗനം ചെയ്യാനും ഒരുമിച്ചു കൂടാനും അനുമതി ലഭിക്കും. 'റൂള്‍ ഓഫ് 6' തിരിച്ചെത്തും. മൂന്നിലൊരു മുതിര്‍ന്ന വ്യക്തി വീതം വാക്‌സിനേഷന്‍ നേടിക്കഴിഞ്ഞ സ്ഥിതിക്ക് ആണ് ഇളവുകള്‍ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും, റെസ്‌റ്റൊറന്റുകള്‍ക്കും, കഫെകള്‍ക്കും കസ്റ്റമേഴ്‌സിനെ അകത്ത് ഇരുത്താനും സാധിക്കും. ആറ് പേര്‍ വരെ അല്ലെങ്കില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്‍ഡോറില്‍ ഒത്തുചേരാം. ഹോട്ടല്‍, സിനിമ, തിയേറ്റര്‍, മ്യൂസിയം എന്നിവ പ്രവര്‍ത്തനം പുനരാരംഭിക്കും. വിവാഹം, പാര്‍ട്ടികള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്ക് 30 പേരെ വരെ പങ്കെടുപ്പിക്കാം മാസ്‌കുകള്‍ ഉപേക്ഷിച്ചും, സാമൂഹിക അകലം ഇല്ലാതെയും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഉടന്‍ ജീവിതം തിരിച്ചുകിട്ടുമെന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് മേധാവിയുടെ പ്രവചനങ്ങള്‍ക്കിടെയാണ് പുതിയ ഇളവുകള്‍. കോവിഡിന് നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്' പ്രഖ്യാപിച്ച് കൊണ്ടാണ് പുതിയ ഇളവുകള്‍ ബോറിസ് പ്രഖ്യാപിക്കുക. ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കാനുള്ള റോഡ്മാപ്പിന്റെ മൂന്നാം പാദത്തിലേക്ക് കടക്കുന്നതിനായി ബോറിസ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. പുതിയ ഡാറ്റകള്‍ വിലക്കുകളില്‍ ഇളവ് നല്‍കാനുള്ള നാല് ടെസ്റ്റുകള്‍ കടന്നതായി സ്ഥിരീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിലക്കുകളില്‍ ഇളവ് അനുവദിക്കുന്നത് വൈറസ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും തലപൊക്കാന്‍ ഇടയാക്കിയെന്നാണ് അധികൃതര്‍ കരുതുന്നത്.ബ്രിട്ടനില്‍ 15 മില്ല്യണ്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പരമാവധി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 29.6 മില്ല്യണ്‍ മുതിര്‍ന്നവര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. ജൂലൈ അവസാനത്തോടെ മുതിര്‍ന്ന എല്ലാ വ്യക്തികള്‍ക്കും ആദ്യ ഡോസ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.