പാലക്കാട്- കോവിഡ് വാഹനപരിശോധന പോലീസും ആർ.എസ്.എസിന്റെ സേവാഭാരതിയും ഒന്നിച്ചു നടത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ് രംഗത്ത്. പാലക്കാട് ജില്ലയിലെ കാടാംകോട് എന്ന സ്ഥലത്താണ് ആർ.എസ്.എസ് പ്രവർത്തകർ പോലീസിനൊപ്പം ചേർന്ന് വാഹനപരിശോധന നടത്തുന്നത്. ഇതിന്റെ ചിത്രവും സിദ്ദീഖ് പുറത്തുവിട്ടു.
സിദ്ദീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പാലക്കാട് ജില്ലയിൽ സേവാഭാരതി പ്രവർത്തകരും പോലീസും ചേർന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷർട്ട് ഇട്ട പ്രവർത്തകർ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.