ന്യൂദല്‍ഹി- ബഹളത്തില്‍ മുങ്ങിയ രാജ്യസഭയില്‍ നടത്താന്‍ കഴിയാതെ പോയ കന്നി പ്രസംഗം ക്രിക്കറ്റ് ഇതിഹാസവും എം.പിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒടുവില്‍ ഓണ്‍ലൈനില്‍ നടത്തി. രാജ്യസഭാംഗമായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വ്യാഴാഴ്ചയാണ് ലിറ്റില്‍ മാസ്റ്റര്‍ പാര്‍ലമെന്റില്‍ ആദ്യ പ്രസംഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ നടത്തിയ പരാമര്‍ശത്തിന് പ്രധാനമന്ത്രി മോഡി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം തുടങ്ങിയതോടെ രാജ്യസഭ പിരിയുകയായിരുന്നു. 2012 ലാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.
രാജ്യസഭാ ഡക്കില്‍ സച്ചിന്‍ ഔട്ടായി എന്നാണ് പത്രങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്ത നല്‍കിയത്.
28 ദശലക്ഷം പേര്‍ ഫോളോ ചെയ്യുന്ന ഫേസ് ബുക്ക് പേജില്‍ വെള്ളിയാഴ്ച സച്ചിന്‍ ലൈവായി പ്രസംഗിച്ചു.
ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇന്ത്യക്കാര്‍ സ്‌പോര്‍ട്‌സിനെ ഗൗരവത്തിലെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് സച്ചിന്റെ കന്നി രാജ്യസഭാ പ്രസംഗം. സ്‌പോര്‍ട്‌സ് മാന്‍ എന്ന നിലയില്‍
ഇന്ത്യയുടെ ആരോഗ്യത്തെ കുറിച്ചും സ്‌പോര്‍ട്‌സിനെ കുറിച്ചും ഫിറ്റ്‌നസിനെ കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അതിന് നമ്മുടെ സമ്പ്ദഘടനയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ ഉണര്‍ത്തി.
മികവു പുലര്‍ത്തുന്നവര്‍ക്ക് നീക്കിവെച്ച 12 രാജ്യസഭാ സീറ്റുകളിലൊന്നില്‍ സച്ചിനെ നോമിനേറ്റ് ചെയ്തത് അപ്രതീക്ഷിതമായിരുന്നെങ്കിലും രാജ്യസഭയില്‍ മുഖം കാണിക്കാത്ത അദ്ദേഹത്തിന്റെ നടപടി വന്‍വിമര്‍ശനത്തിനു വിധേയമായതോടെയാണ് കന്നി പ്രസംഗം നടത്താന്‍ തീരുമാനമെടുത്തത്.
200 ടെസ്റ്റുകളിലായി 15,921 റണ്‍സ് കരസ്ഥമാക്കിയ ശേഷമാണ് സച്ചിന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.