ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് കേസുകളും 3754 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രോഗം ഭേദമായി 3,53,818 പേര്‍ ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗമുക്തി 1,86,71,222 ആയി.
രാജ്യത്ത് ഇതുവരെ 2,26,62,575 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 37,45,237 ആക്ടീവ് കേസുകളുണ്ട്.
രാജ്യത്ത് കോവിഡ് മരണം 2,46,116 ആയി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ അടക്കമുളള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് കോവിഡ് കേസുകള്‍ നാല് ലക്ഷത്തിനു മുകളില്‍നിന്ന് താഴേക്ക് വന്നിരിക്കുന്നത്. ദേശീയ തലത്തില്‍തന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുമുണ്ട്.
അതിനിടെ, ജനങ്ങള്‍ക്ക് കഴിയുംവേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിക്ക് ദീര്‍ഘകാല പരിഹാരമെന്ന് അമേരിക്കയിലെ പൊതജനാരോഗ്യ വിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി പറഞ്ഞു.