ജറൂസലം-സംയമനം പാലിക്കാനുള്ള അഭ്യര്‍ഥനകള്‍ തള്ളി ജറൂസലമില്‍ ഇസ്രായില്‍ പോലീസ് അതിക്രമം തുടരുന്നു. മസ്ജിദുല്‍ അഖ്‌സ സമുച്ചയത്തിലേക്ക് തിങ്കളാഴ്ച വീണ്ടും പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനികള്‍ അറിയിച്ചു. അഖ്‌സ കോമ്പൗണ്ടില്‍നിന്ന് സമീപത്തെ റോഡിലേക്ക് കല്ലെറിഞ്ഞതിനാലാണ് നടപടിയെന്ന് ഇസ്രായില്‍ പോലീസ് അവകാശപ്പെട്ടു.
അതിനിടെ,സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്ര്യം മാനിക്കണമെന്നും ഇസ്രായില്‍ പരമാവധി സംയമനം പാലിക്കണമെന്നും യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. കിഴക്കന്‍ ജറൂസലമില്‍ അല്‍ അഖ്‌സക്കു ചുറ്റും പോലീസും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ അഭ്യര്‍ഥന. ജറൂസലമിലെ സംഘര്‍ഷത്തിനു പുറമെ, ഫലസ്തീനി കുടുംബങ്ങളെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിലും ഗുട്ടറസ് ആശങ്ക അറിയിച്ചതായി യു.എന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതും ഫലസ്തീനികളെ പുറത്താക്കുന്നതും നിര്‍ത്തിവെക്കാനാണ് ഇസ്രായിലിനോട് ആവശ്യപ്പെട്ടത്. വിശദ്ധ കേന്ദ്രങ്ങളുടെ പവിത്രത മാനിക്കണമെന്നും യു.എന്‍ മേധാവി ആവശ്യപ്പെട്ടു.