ചണ്ഡിഗഢ്- ദല്‍ഹി അതിര്‍ത്തിയില്‍ മാസങ്ങളായി നടന്നു വരുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് കര്‍ഷകര്‍ക്കൊപ്പമെത്തിയ യുവതിയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തായി പിതാവിന്റെ പരാതി. 25കാരിയായ യുവതി ഹരിയാനയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ ദിവസങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. പ്രതികളായ രണ്ടു പേര്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ഏപ്രില്‍ 10നാണ് യുവതി ബംഗാളില്‍ നിന്നും തിക്രി അതിര്‍ത്തിയിലെത്തിയത്. ഇതിനിടെ കോവിഡ് ബാധിച്ച യുവതി ഏപ്രില്‍ 30നാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനു ശേഷമാണ് പിതാവ് ബലാത്സംഗം പരാതിയുമായി പോലീസിനെ സമീപിച്ചത്.
കര്‍ഷക സമരത്തിനെത്തിയ മറ്റൊരു സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് ബലാത്സംഗം ചെയ്തതെന്നും സംഭവം മകള്‍ ഫോണിലൂടെ തന്നെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരനായി പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു. യുവതിയുടെ മരണ രേഖകള്‍ പരിശോധിക്കുമെന്നും ഇതിനു ശേഷമെ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു. കേസില്‍ നീതി ലഭിക്കുംവരെ പൊരുതുമെന്ന് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന പേരിലുള്ള സംഘത്തില്‍പ്പെട്ടവരാണ് ഈ ബലാത്സംഗത്തിനു പിന്നിലെന്നും സംഭവമറിഞ്ഞതോടെ ഇവരുടെ ടെന്റുകളും ബാനറുകളും സമര സ്ഥലത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം അറിയിച്ചു.