തമിഴ്‌നാട്ടിലും ലോക്ഡൗണ്‍; വാളയാര്‍ അതിര്‍ത്തിയില്‍ തിരക്ക് കുറഞ്ഞു

പാലക്കാട്- ലോക്ഡൗണ്‍ രണ്ടു ദിവസം പിന്നിട്ടതോടെ വാളയാര്‍ ചെക്‌പോസ്റ്റില്‍ തിരക്ക് കുറഞ്ഞു. ഇന്നലെ വളരെക്കുറച്ച് പേര്‍ മാത്രമാണ് അതിര്‍ത്തി കടന്ന് എത്തിയത്. തമിഴ്‌നാട്ടിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ ആളുകളുടെ വരവ് വീണ്ടും കുറയും. ജില്ലയിലെ മറ്റ് പ്രധാന ചെക്‌പോസ്റ്റുകളായ മീനാക്ഷീപുരം, ഗോവിന്ദാപുരം, ഗോപാലപുരം നടുപ്പണി, വേലന്താവളം എന്നിവിടങ്ങളിലും  ഇന്നലെ തിരക്ക് അനുഭവപ്പെട്ടില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നേരത്തേത്തന്നെ ഇ-പാസ് നിര്‍ബ്ബന്ധമാക്കിയിരുന്നു. പാസെടുക്കാതെ എത്തുന്നവരെ രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായിക്കാന്‍ ആരംഭിച്ചിട്ടുള്ള സഹായകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടരും. ചരക്ക് വാഹനങ്ങളെ മാത്രമാണ് കാര്യമായ തടസ്സമില്ലാതെ അതിര്‍ത്തി കടന്നു വരാന്‍ അനുവദിക്കുന്നത്. പ്രധാന റോഡുകള്‍ക്ക് സമാന്തരമായുള്ള ഊടുവഴികളിലൂടെ നിയമം തെറ്റിച്ച് ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ അതിര്‍ത്തി മേഖലയില്‍ മുഴുവന്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ ഈ മാസം 26 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയിലും ഈ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ആണ്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന നേരത്തേ തന്നെ കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ ലോക്ഡൗണ്‍ തുടങ്ങിയതിനാല്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനകം സ്ഥലം വിട്ടു കഴിഞ്ഞു.

 

 

Latest News