ലഖ്‌നൗ- രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പശുക്കളെ കൊറോണ വൈറസില്‍നിന്ന് രക്ഷിക്കാനായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍നിന്ന് യു.പി സര്‍ക്കാര്‍ പിന്‍വാങ്ങി. തികച്ചും അസംബന്ധമാണിതെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി നവീന്‍ സെഹ്ഗാള്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ കാര്യം അദ്ദേഹം നിഷേധിച്ചുമില്ല.
2017 ല്‍ അധികാരമേറ്റതുമുതല്‍ പശുക്കളുടെ സംരക്ഷണത്തിന് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യപിച്ച യു.പിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ 4500 ഗോശാലകള്‍ സ്ഥാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചയുരകയും ഓക്‌സിജന്‍ ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുമ്പോഴാണ് കഴിഞ്ഞയാഴ്ച പശുക്കള്‍ക്കായി 700 ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുമെന്ന യോഗി ഭരണകൂടത്തിന്റെ പ്രഖ്യാപനം വാര്‍ത്താ പ്രാധാന്യം നേടിയത്. പശുക്കളുടെ പരിശോധനക്കായി 51 ഓക്‌സി മീറ്ററുകളും 341 തെര്‍മല്‍ സ്‌കാനറുകളും ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനായുള്ള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍വിമര്‍ശമാണ് ക്ഷണിച്ചുവരുത്തിയത്.