കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഗേള്‍സ് സ്‌കൂളിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശിയാ ഹസാര സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന വെസ്റ്റ് കാബൂളിലെ ദശ്‌തെ ബാര്‍ച്ചിയിലാണ് സംഭവം. സുന്നി തീവ്രവാദികള്‍ പലതവണ ആക്രമണം നടത്തിയ പ്രദേശമാണിത്. ഈദുല്‍ ഫിതര്‍ ആസന്നമായിരിക്കെ പ്രദേശവാസികള്‍ ഷോപ്പിംഗിന് ഇറങ്ങിയപ്പോഴാണ് സ്‌ഫോടനം.
അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന 2500 സൈനികരെ കൂടി പിന്‍വലിക്കാന്‍ അമേരിക്ക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് പുതിയ ആക്രമണം.
പരിക്കേറ്റ 50 പേരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണ നിരക്ക് കൂടാനിടയുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.