ന്യൂദല്‍ഹി- കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ വളരെ നേരത്തെ തന്നെ വിജയം ആഘോഷിച്ച് ഇന്ത്യ സമയംകളഞ്ഞുവെന്നും മോഡി സര്‍ക്കാര്‍ സ്വയം ഒരു ദേശീയ ദുരന്തം വരുത്തിവച്ചെന്നും ലാന്‍സെറ്റ് ശനിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഈ കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ വിജയം മോഡി സര്‍ക്കാര്‍ സ്വന്തം പിഴവുകള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു.
ഈ പ്രതിസന്ധിക്കിടെ വിമര്‍ശനങ്ങളേയും തുറന്ന ചര്‍ച്ചകളേയും അമര്‍ച്ച ചെയ്യാനുള്ള മോഡിയുടെ ശ്രമങ്ങള്‍ മാപ്പില്ലാത്തതാണെന്നും ലാന്‍സെറ്റ് തുറന്നെഴുതി. ഏപ്രില്‍ വരെ സര്‍ക്കാരിന്റെ കോവിഡ് ദൗത്യ സേന മാസങ്ങളായി ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിരുന്നില്ല. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം ഇന്നിപ്പോള്‍ നമുക്കു മുമ്പില്‍ വ്യക്തമാണ്. ഈ പ്രതിസന്ധി ഇനിയും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ കോവിഡ് പ്രതിരോധ നടപടികള്‍ അഴിച്ചുപണിയേണ്ടതുണ്ട്- ലാന്‍സെറ്റ് ആവശ്യപ്പെട്ടു.
ഉത്തരവാദിത്വമുള്ള നേതൃത്വവും സുതാര്യതയും ശാസ്ത്രത്തെ മുന്‍നിര്‍ത്തിയുള്ള പൊതുജനാരോഗ്യ പദ്ധതി നടപ്പാക്കലുമാണ് പ്രധാനം. ഇക്കാര്യങ്ങളിലുള്ള വീഴ്ചകള്‍ സമ്മതിക്കണം. പുതിയ വൈറസ് വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഒരു രണ്ടാം തരംഗത്തിന്റെ അപകടത്തെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും മാസങ്ങളോളം കോവഡ് കേസുകള്‍ കുറഞ്ഞതിന്റെ പേരില്‍ കോവിഡിനെ തോല്‍പ്പിച്ചെന്ന പ്രതീതി ഉണ്ടാക്കാനാണ് ഇന്ത്യയിലെ സര്‍ക്കാര്‍ ശ്രമിച്ചത്. മാര്‍ച്ച് ആദ്യത്തോടെ രണ്ടാം തരംഗം തുടങ്ങുന്നതിന് മുമ്പ് തന്നെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇന്ത്യയില്‍ മഹാമാരി അവസാനിച്ചതായി പ്രഖ്യാപിച്ചുവെന്നും ലാന്‍സെറ്റ് പറയുന്നു.
സുപ്പര്‍ സ്‌പ്രെഡര്‍ ആയി മാറുന്ന പരിപാടികളും മത സമ്മേളനങ്ങളും സര്‍ക്കാര്‍ വിലക്കിയില്ല. കോവിഡിനെ തടയാനുള്ള ഒരു പദ്ധതിയുമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും എത്തുകയും വമ്പന്‍ രാഷ്ട്രീയ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തതായും ലാന്‍സെറ്റ് ഉണര്‍ത്തുന്നു.
കേ്ന്ദ്ര തലത്തില്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതി പൊളിഞ്ഞ നീക്കമായിരുന്നുവെന്നും ലാന്‍സെറ്റ് പറയുന്നു. വാക്‌സിന്‍ നയത്തിലെ മാറ്റങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ പൊടുന്നനെയാണ് വാക്‌സിന്‍ പദ്ധതിയില്‍ മാറ്റം കൊണ്ടുവന്നത്. രണ്ടു ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്കു മാത്രമെ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂ. പലപ്പോഴും മോഡി സര്‍ക്കാര്‍ കോവിഡ് മഹാമാരി തടയുന്നതിലേറെ താല്‍പര്യം കാണിച്ചത് ട്വിറ്ററിലെ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യുന്നതിലായിരുന്നുവെന്നും ലാന്‍സെറ്റ് എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.