ജറൂസലം- അല്‍ അഖ്‌സ പള്ളി സമുച്ചയത്തിലും ജറൂസലം നഗരത്തിലും ഇസ്രായില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ 200 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ആഴ്ചകളായി അസ്വസ്ഥത പുകയുന്ന ജറൂസലം നഗരത്തില്‍ സംഘര്‍ഷം രൂക്ഷമായത്. കിഴക്കന്‍ ജൂറസലമില്‍നിന്ന് നിരവധി ഫലസ്തീനികളെ വീടുകളില്‍നിന്ന് പുറത്താക്കുന്നതിലായിരുന്നു ഫലസ്തീനികളുടെ പ്രതിഷേധം.
മസ്ജിദ് സമുച്ചയത്തിലെ കെട്ടിടത്തില്‍ കയറിയും ആക്രമണം തുടര്‍ന്ന ഇസ്രായില്‍ പോലീസ് ഫലസ്തീനികളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് നേരിട്ടത്. കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് റബര്‍ ബുള്ളറ്റും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു.
പരിക്കേറ്റവരില്‍ 88 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ റെഡ് ക്രെസന്റ് സര്‍വീസ് അറിയിച്ചു. 83 പേര്‍ക്കും റബര്‍ ബുള്ളറ്റ് കാരണമാണ് മുറിവേറ്റതെന്നും മൂന്ന് പേര്‍ക്ക് കണ്ണിനും രണ്ട് പേര്‍ക്ക് തലക്കും ഗരുതരമായി പരിക്കേറ്റുവെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കല്ലേറില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ അധികൃതര്‍ പറഞ്ഞു.