Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിന്‍ പൊട്ടിത്തുടങ്ങി; ഒറ്റദിവസം 4000 ഡോളര്‍ കുറഞ്ഞു

ടോക്കിയോ-നിക്ഷേപകരെ കണ്ണീരു കുടിപ്പിക്കുമെന്ന നിരീക്ഷകരുടെ പ്രവചനം ശരിവെച്ചുകൊണ്ട് പൊടുന്നനെ വന്‍മൂല്യവര്‍ധന കാഴ്ച വെച്ച ബിറ്റ്‌കോയിന്‍ നീര്‍കുമിള പോലെ പൊട്ടിത്തുടങ്ങി. വിദഗ്ധരുടെ മുന്നറിയിപ്പിനോടൊപ്പം ക്രിസ്മസ് കാലത്ത് വില്‍പന നടത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവന്നതും ബിറ്റ്‌കോയിന് തിരിച്ചടിയായി. വ്യാഴാഴ്ച 16,563 ഡോളറായിരുന്ന ബിറ്റ്‌കോയിന്‍ വില വെള്ളിയാഴ്ച 12,191 ഡോളറായാണ് ഇടിഞ്ഞത്. തിങ്കളാഴ്ച 19,500 ഡോളറെന്ന റെക്കോര്‍ഡിലെത്തിയ ശേഷം 40 ശതമാനം ഇടിവാണ് ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോ കറന്‍സി രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ സര്‍ക്കാരുകളും നിരീക്ഷകരും ഈ തകര്‍ച്ചയെ കുറിച്ചും നിയമവിരുദ്ധ വ്യാപാരത്തെ കുറിച്ചും ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്‍ലാഭ പ്രതീക്ഷയോടെ ഒട്ടും പരിചയമില്ലാത്ത നിക്ഷേപകരാണ് ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടിയത്. ബിറ്റ്‌കോയിന്‍ തകര്‍ച്ച ഡാഷ്, ലൈറ്റ്‌കോയിന്‍, റിപ്പിള്‍ തുടങ്ങിയ മറ്റു ക്രിപ്‌റ്റോ കറന്‍സികളേയും ബാധിച്ചു. 
നിക്ഷേപകര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തുടങ്ങിയെന്ന് ഒവാണ്ട ഏഷ്യാ പസഫിക് ട്രേഡിംഗ് മേധാവി സ്റ്റീഫന്‍ ഇന്നസ് പറഞ്ഞു. 
അമേരിക്കയിലെ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകള്‍ ബിറ്റ്‌കോയിന്‍ ഫ്യൂച്ചര്‍ യൂനിറ്റ് ട്രേഡിംഗ് ആരംഭിച്ചശേഷം  ഈ വര്‍ഷം ആദ്യത്തോടെ 30 ഇരട്ടിയാണ് മൂല്യം വര്‍ധിച്ചിരുന്നത്. 
ബിറ്റ്‌കോയിന്‍ വ്യാപാരത്തിനും നിക്ഷേപത്തിനുമെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടിയവര്‍ നികുതിവെട്ടിച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ആദായ നികുതി വകുപ്പ്  അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. 
 

Latest News