മുംബൈ- മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, മൻമോഹൻ സിങ് എന്നിവരുൾപ്പെടെ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനമാണ് കോവിഡ് പ്രതിസന്ധിക്കാലത്ത് രാജ്യത്തെ അതിജീവിക്കാൻ സഹായിക്കുന്നതെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. നെഹ്‌റുവിന്റെ ഭരണകാലത്തെ കുറിച്ച് ബിജെപി കുറ്റപ്പെടുത്താറുള്ള പശ്ചാത്തലത്തിലാണു ശിവസേനയുടെ വിമർശനം.
നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച സംവിധാനത്തിലാണ് ഇന്ത്യ നിലനിൽക്കുന്നത്. നിരവധി പാവപ്പെട്ട രാജ്യങ്ങൾ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തേ പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. എന്നാൽ ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നുപോവുന്നു. പാവപ്പെട്ട രാജ്യങ്ങൾ അവർക്കാവുംവിധം ഇന്ത്യയെ സഹായിക്കുന്നു. അതേസമയം, 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറല്ല. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലാണു റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ, സജീവമായ അഞ്ചു രോഗികളിൽ ഒരാൾ ഇന്ത്യയിലാണ്. ലോകം ഇപ്പോൾ ഇന്ത്യയെ ഭയപ്പെടുന്നുവെന്നും സാമ്‌നയിലെ ലേഖനത്തിലുണ്ട്.