മക്ക - മക്കയിലും ജിസാനിലും പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളുകളിൽ അഗ്നിബാധ. മക്കയിൽ മക്ക ഷോപ്പിംഗ് മാളിൽ നിസാര അഗ്നിബാധയുണ്ടായത്. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് മക്ക സിവിൽ ഡിഫൻസ് അറിയിച്ചു. ഷോപ്പിംഗ് മാളിന്റെ പുറംഭാഗത്ത് എയർ കണ്ടീഷനിംഗ് സംവിധാനത്തിലാണ് തീ പടർന്നുപിടിച്ചതെന്ന് മക്ക മാൾ അറിയിച്ചു. സിവിൽ ഡിഫൻസിന്റെയും മക്ക നഗരസഭയുടെയും സുരക്ഷാ വകുപ്പുകളുടെയും പിന്തുണയോടെയും സഹകരണത്തോടെയും റെക്കോർഡ് സമയത്തിനകം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. എല്ലാവരുടെയും ശ്രമങ്ങളുടെ ഫലമായി ഷോപ്പിംഗ് മാൾ വീണ്ടും തുറന്നതായും മക്ക മാൾ പ്രസ്താവനയിൽ പറഞ്ഞു.
ജിസാനിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഷോപ്പിംഗ് മാളിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നിൽ നിന്ന് കനത്ത പുക ഉയർന്നതിനെ തുടർന്ന് മാളിൽ നിന്ന് ഉപയോക്താക്കളെയും ജീവനക്കാരെയും സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. സുഗമമായ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കാൻ സുരക്ഷാ വകുപ്പുകൾ പരിസര പ്രദേശത്തെ റോഡുകളെല്ലാം അടക്കുകയും സൂഖിനു ചുറ്റും ശക്തമായ സുരക്ഷാ ബന്തവസ്സ് ഏർപ്പെടുത്തുകയും ചെയ്തു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.