ഹൈദരാബാദ്- വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ മുൻ സഹപ്രവർത്തകൻ തീ കൊളുത്തികൊന്നു. സെക്കന്തരാബാദിലാണ് സംഭവം. സെക്കന്തരാബാദിലെ ഒരു കമ്പനിയിൽ റിസപ്ഷനിസ്റ്റായിരുന്ന സന്ധ്യ റാണിയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വരികയായിരുന്ന സന്ധയെ ബൈക്കിൽ പിന്തുടർന്ന് സായ് കാർത്തിക് (25)എന്നയാളാണ് കൊലപ്പെടുത്തിയത്. വഴിയിൽ തടഞ്ഞുനിർത്തിയ ഇയാൾ യുവതിയുമായി കുറച്ചുനേരം വാക്തർക്കത്തിൽ ഏർപ്പെടുത്തി. ഇതിനിടെയാണ് യുവാവ് കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ കുപ്പി തുറന്ന് യുവതിയുടെ ദേഹത്തേക്ക് ഏറിയുകയും തീ കൊളുത്തുകയുമായിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം ഇയാൾ അവിടെനിന്ന് ബൈക്കിൽ തിരിച്ചുപോയി. ആൾക്കൂട്ടം ഓടിയെത്തി യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
ഇന്ന് രാവിലെയാണ് യുവതി മരിച്ചത്. സായ് കാർത്തികാണ് തന്നെ അക്രമിച്ചതിനും വിവാഹത്തിന് വിസമ്മതിച്ചതുകൊണ്ടാണ് ഇങ്ങിനെ ചെയ്തതെന്നും യുവതി മരണമൊഴിയിൽ പറഞ്ഞു. രണ്ടു വർഷം മുമ്പാണ് ഇയാൾ യുവതിയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഇയാൾ യുവതിയെ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പരാതിയുണ്ട്.