ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും പല സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് പോകുമ്പോഴും പൊതുജനങ്ങളുടെ കയ്യിലെത്തുന്ന കാശ് വന്‍തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച, ഏപ്രില്‍ 23ന് അവസാനിച്ച ദ്വൈവാര റിപോര്‍ട്ട് പ്രകാരം 28.03 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാരുടെ കൈവശമുള്ള പണം. ഇത്രയധികം കറന്‍സി ഇതുവരെ പൊതുജനത്തിന്റെ കൈവശം ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ ആളുകളുടെ കൈവശമുള്ള കറന്‍സി 15,919 കോടി വര്‍ധിച്ചാണ് ആദ്യമായി 28 ലക്ഷം കോടി എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഫെബ്രുവരി മുതല്‍ പൊതുജനങ്ങളുടെ കൈവശമുള്ള കറന്‍സി വര്‍ധിച്ചു വരുന്ന പ്രവണതയാണുള്ളത്.
ആളുകളുടെ കൈവശം പണം വര്‍ധിച്ചു വരുന്നത് നല്ല സൂചന അല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലാണ് പൊതുജനം പണം കൂടുതലായി കൈവശം സൂക്ഷിക്കുക. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കടുപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളാണ് ആളുകളെ ഇങ്ങനെ ലഭ്യമായ പണമെല്ലാം കൈവശം സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ഉയരുമ്പോള്‍ ആശങ്കയിലാകുന്ന ജനം ബാങ്കിലും മറ്റുമുള്ള പണമെല്ലാം പിന്‍വലിച്ച് കൈവശം സൂക്ഷിക്കുന്നു. അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളിലും മറ്റും പെട്ടുപോകരുത് എന്നു കരുതിയാണ് ജനം ഇത് ചെയ്യുന്നത്.
കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കാന്‍ രാജ്യം മുഴുവനായും അടച്ചിടണമെന്ന ആവശ്യം ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഇനിയും പണമെല്ലാം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ച് സ്വന്തം കൈവശം സൂക്ഷിക്കുന്ന പ്രവണത വര്‍ധിക്കുമെന്ന് ബാങ്കിങ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതോടെ പൊതുജനത്തിന്റെ കൈവശമുള്ള പണം ഇനിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയേക്കും. നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ പണലഭ്യത ഉറപ്പാക്കാനാണ് ജനം ഇങ്ങനെ ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഒരു മുന്നൊരുക്കവുമില്ലാത കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ആളുകള്‍ വന്‍തോതില്‍ പണം ബാങ്കില്‍ നിന്നെടുത്ത് കൈവശം സൂക്ഷിച്ചിരുന്നു. 2020 മാര്‍ച്ചിനും ജൂണിനുമിടയില്‍ പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സി 3.07 ലക്ഷം കോടിയില്‍ നിന്ന് 22.55 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരുന്നു.