Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സ ഫ്രീ; തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ ദിവസം തന്നെ സൗജന്യപ്പെരുമഴ 

ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലടക്കം എല്ലാവര്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കി ആദ്യ ഉത്തരവ് ശ്രദ്ധേയമായി. എല്ലാവരേയും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്തുമെന്ന് പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ആദ്യ 100 ദിവസം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന എന്ന തെരഞ്ഞെടുപ്പു പ്രഖ്യാപനം പാലിച്ച് കൊണ്ടു ഒരു പിടി സൗജന്യങ്ങളാണ് സര്‍ക്കാര്‍ ഇന്ന് പ്ര്ഖ്യാപിച്ചത്. 

സംസ്ഥാനത്തെ 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപയുടെ സാമ്പത്തിക സഹായവും പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ മാസം തന്നെ ആദ്യ ഘടുവായി 2000 രൂപ വിതരണം ചെയ്യും. ഇതിനായി 4,153.69 കോടി രൂപ പാസാക്കി. ആവിന്‍ പാല്‍ ലീറ്ററിന് മൂന്ന് രൂപയാക്കി വെട്ടിക്കുറച്ചു. മേയ് 16 മുതല്‍ ഈ വില നിലവില്‍വരും. 

ജോലിക്കു പോകുന്നവരും ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളിലെ യാത്ര സൗജന്യമാക്കിയും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകള്‍ക്ക് സര്‍ക്കാര്‍ 1200 കോടി സബ്‌സിഡി നല്‍കും. പരാതി പരിഹാങ്ങള്‍ക്കു മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ഒരു ഐഎഎസ് ഓഫീസറെ നിയമിക്കാനും ഉത്തരവിട്ടു.
 

Latest News