റിയാദ് - ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരായ ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാനും കമ്പനികളുടെ ഭാഗത്തെ നിയമ ലംഘനങ്ങളിൽ നടപടികൾ സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സംരക്ഷണം നൽകാനും പുതിയ സംവിധാനം ഏർപ്പെടുത്താൻ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് നീക്കം തുടങ്ങി. പോളിസി പ്രകാരമുള്ള പൂർണ ആരോഗ്യ പരിചരണ കവറേജ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ഉപയോക്താക്കളുടെ അവബോധം ഉയർത്തുകയും സുതാര്യത ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി തയാറാക്കാനാണ് നീക്കം.
ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ കരടു നിയമാവലി പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കു വേണ്ടി കൗൺസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 23 വരെ കരടു നിയമാവലിയിൽ പൊതുസമൂഹത്തിന് അഭിപ്രായ, നിർദേശങ്ങൾ പ്രകടിപ്പിക്കാവുന്നതാണ്.
ഇൻഷുറൻസ് പോളിസി ഉപയോക്താക്കളിൽ നിന്നും ഏജന്റുമാരായ മധ്യവർത്തികളിൽ നിന്നുമുള്ള പരാതികൾ സ്വീകരിച്ച് പരിഹാരം കാണുന്നതിന് ഇൻഷുറൻസ് കമ്പനികളും സേവന ദാതാക്കളും പ്രത്യേക വിഭാഗം സ്ഥാപിക്കൽ പുതിയ നിയമാവലി നിർബന്ധമാക്കുന്നു. പരാതികളുമായി ബന്ധപ്പെട്ട തുടർ നടപടികൾ അന്വേഷിക്കാൻ സാധിക്കുന്നതിന്, പരാതികൾ സ്വീകരിക്കുന്ന കമ്പനികളും സേവന ദാതാക്കളും പരാതി സമർപ്പിക്കുന്നവർക്ക് ഭാവിയിലെ ആശയവിനിമയത്തിന് റഫറൻസ് നമ്പർ നൽകുകയും പരാതി സ്വീകരിച്ച കാര്യം അറിയിക്കുകയും വേണം. രേഖകൾ പൂർണമായ പരാതികൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത കാര്യം പരാതി സ്വീകരിച്ച് മൂന്നു പ്രവൃത്തി ദിവസത്തിനകം കമ്പനികളും സേവന ദാതാക്കളും പരാതിക്കാരെ അറിയിക്കലും നിർബന്ധമാണ്.
അടിയന്തിര പരാതികളിലും അടിയന്തിര കേസുകളുമായി ബന്ധപ്പെട്ട പരാതികളിലും ഒരു പ്രവൃത്തി ദിവസത്തിനകം ഇക്കാര്യം അറിയിച്ചിരിക്കണം. പരാതി പൂർണമായോ ഭാഗികമായോ സ്വീകരിക്കാനും തള്ളാനുമുള്ള ന്യായീകരണങ്ങൾ അടക്കം, ക്ലോസ് ചെയ്ത പരാതിയുമായി ബന്ധപ്പെട്ട നീതിയുക്തവും വിശദവുമായ രേഖാമൂലമുള്ള വിലയിരുത്തലും നാലു പ്രവൃത്തി ദിവസത്തിനകം പരാതിക്കാർക്ക് നൽകിയിരിക്കണം