തിരുവനന്തപുരം - സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് വിവിധ സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംവരണ പരിധി 50 ശതമാനം കടക്കുന്നതിനെതിരെ മഹാരാഷ്ട്ര സർക്കാരുമായുള്ള കേസിൽ 2021 മെയ് 5 ന് വന്ന സുപ്രിം കോടതി വിധി സാമൂഹിക നീതിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്. 2018 ഡിസംബറിലെ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് സാമ്പത്തിക സംവരണം നിലവിൽ വന്നതോടെ നിലവിലുണ്ടായിരുന്ന സംവരണം എന്ന സാമൂഹ്യ നീതിക്കായുള്ള ടൂൾ അട്ടിമറിക്കപ്പെടുന്ന സ്ഥിതി വിശേഷമാണുണ്ടായത്. ഇന്ദ്രാ സാഹ്നി കേസിലെ വിധിയനുസരിച്ച് സംവരണം സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കുള്ളതാണ്. പക്ഷേ ഭരണഘടനാ ഭേദഗതിയോടെ ഇത് അട്ടിമറിക്കപ്പെട്ടു. സംവരണ പരിധി സംബന്ധിച്ച കേസിന്റെ വിധിയിൽ ഇന്ദ്രാ സാഹ്നി കേസിന് ഉപോദ്ബലകമായ സാഹചര്യം മാറിയിട്ടില്ല എന്ന സുപ്രിം കോടതി ഭരണഘടനാ ബഞ്ച് പരാമർശവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിൽ പിന്നോക്ക വിഭാഗങ്ങൾക്കും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുമായുള്ളത് 50 ശതമാനം സംവരണമാണ്. കേരള സർക്കാർ 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കു കൂടി സംവരണം ഏർപ്പെടുത്തിയതോടെ ആകെ സംവരണം 60 ശതമാനമായി. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പുതിയ വിധിയുടെ പശ്ചത്തലത്തിൽ 10 ശതമാനം സംവരണം വെട്ടിക്കുറക്കേണ്ടിവരും. നിലവിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കേരളത്തിലെ ഉേദ്യാഗ തലങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല. സംവരണത്തോതനുസരിച്ച പ്രാതിനിധ്യം പോലും പല സമുദായങ്ങൾക്കുമില്ല. കേരളം മുന്നോട്ട് വെച്ച നവോത്ഥാന മൂല്യങ്ങളിൽ നിന്ന് തിരിഞ്ഞ് നടക്കലാണ് ദലിത്പിന്നാക്ക ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തത്തിലെ ഈ കുറവ്. ആ നിലക്ക് സംവരണ പരിധി 50 ആയി നില നിർത്തുമ്പോൾ പിന്നാക്ക സമുദായങ്ങളുടെയോ എസ്.സി - എസ്.ടി വിഭാഗങ്ങളുടെയോ സംവരണം വെട്ടിക്കുറയ്ക്കാൻ പാടില്ല.
ഈ സാഹചര്യത്തിൽ കേരളത്തിലെ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി സർക്കാർ പിൻവലിക്കുകയാണ് ഉചിതം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനം എന്ന നിലയിൽ നവോത്ഥാനമൂല്യങ്ങളെയും സാമൂഹ്യ നീതിയെയും അട്ടിമറിക്കുന്ന മുന്നാക്ക സംവരണം പിൻവലിക്കുന്ന നിലപാടുണ്ടാകണമെന്ന് സാമൂഹിക പ്രവർത്തകർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുട്ടി അഹമ്മദ് കുട്ടി, കുട്ടപ്പൻ ചെട്ടിയാർ, സണ്ണി എം. കപികാട്, കെ. കെ ബാബുരാജ്, കെ അംബുജാക്ഷൻ, എൻ.കെ അലി , രാമചന്ദ്രൻ മുല്ലശേരി, സി.ആർ. നീലകണ്ഠൻ, ഹമീദ് വാണിയമ്പലം, മജീദ് ഫൈസി, ജെ ദേവിക, ടി.ടി. ശ്രീകുമാർ, എൻ.പി. ചെക്കുട്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, കടക്കൽ ജുനൈദ്, നഹാസ് മാള, ജെ രഘു, കെ എസ് ഹരിഹരൻ, എം ഗീതാനന്ദൻ, അംബിക മറുവാക്ക്, ഐ ഗോപിനാഥ്, കെ സന്തോഷ് കുമാർ, പ്രൊഫ. അബ്ദുൾ റഷീദ്, മാഗ്ലീൻ ഫിലോമിന, എം. ഗോമതി, വിനീത വിജയൻ, മജീദ് നദ്വി, സുരേന്ദ്രൻ കരിപ്പുഴ, റസാഖ് പാലേരി, നജ്ദ റൈഹാൻ, ജബീന ഇർഷാദ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.