ന്യൂദല്‍ഹി- മുത്തലാഖ് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെന്നാണ് സൂചന. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണു കരടു തയാറാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുത്തലാഖിനു വിഇരയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം.
വാക്കാലോ എഴുതിയോ എസ്എംഎസ്, വാട്‌സാപ്പ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്തലാഖ് അസാധുവാകും. ജമ്മു കശ്മീര്‍ ഒഴികെ രാജ്യമെങ്ങും ബാധകമാകുന്നതാണു നിയമം.
ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലുന്ന വിവാഹമോചന രീതി നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു.