കണ്ണൂർ- കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സി.എഫ്.എൽ.ടി.സിയാക്കിയ കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാപഞ്ചായത്ത് യോഗത്തിൽ തീരുമാനം. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള സി.എഫ്.എൽ.ടി.സിയാണ് സ്പോർട്സ് ഹോസ്റ്റലിലേത്. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന രോഗികൾക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിക്കാവശ്യമായ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും യോഗത്തിൽ തീരുമാനമായി.
പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവർത്തനം വേഗത്തിലാക്കും. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സംവിധാനമൊരുക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രോഗികൾക്കാവശ്യമായ മാനസിക പിന്തുണ നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പ്രവൃത്തിയിൽ അലംഭാവം കാട്ടുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കർശന നടപടികൾ സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലാണിത്. പത്തംഗ എസ് പി സി എ മാനേജ്മെന്റ് കമ്മിറ്റി, ആയുർവേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങൾക്ക് എച്ച് എംസികൾ, ജില്ലാ സാക്ഷരതാ സമിതി എന്നിവ രൂപീകരിച്ചു. സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിന്റെ 202122 വാർഷിക പദ്ധതി യോഗം അംഗീകരിച്ചു. ടെൻഡറുകൾക്ക് അംഗീകാരം നൽകി.