മലപ്പുറം- കോവിഡിന്റെ തീഷ്ണതയിലും ഉലയാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി എൺപതു ലക്ഷം രൂപ പലിശ രഹിത വായ്പ നൽകിയ മാറഞ്ചേരി തണൽ സേവന പാതയിൽ പതിമൂന്നാം വർഷത്തിലേക്ക്. കേരളത്തിലെ പ്രഥമ പലിശരഹിത അയൽക്കൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിയാണ് ഈ കോവിഡ് കാലത്തും അയൽക്കൂട്ടം അംഗങ്ങൾക്ക് തണലേകുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ പത്തു കോടിയിൽപ്പരം രൂപയാണ് തണൽ പരസ്പരം പലിശരഹിത വായ്പ നൽകിയത്. മാറഞ്ചേരിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ 81 സംഗമം അയൽക്കൂട്ടങ്ങളിലായി 1600 ൽപ്പരം അംഗങ്ങളാണ് തണലിലുള്ളത്. ആഴ്ച തോറും അവർ ഒരുക്കൂട്ടുന്ന കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ പരസ്പരം പലിശ രഹിത വായ്പ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇവർ സമ്പാദ്യമായി ഒരുക്കൂട്ടിയത് ഒരു കോടിയിൽ പരം രൂപയാണ്. ഉള്ളവരിൽ നിന്നു ഇല്ലാത്തവരിലേക്കു ഒഴുകുന്ന ഒരു കാരുണ്യ പ്രവാഹമാണ് ഇവിടെ നടക്കുന്നത്. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കുന്ന ഈ അയൽപക്ക കൂട്ടായ്മകൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദേശമാണ് സമൂഹത്തിന് കൈമാറുന്നത്. സ്വയം തൊഴിൽ മേഖലയിൽ അംഗങ്ങൾക്കായി വിവിധ സംരംഭകത്വ പദ്ധതികൾക്കാണ് പലിശരഹിത വായ്പ നൽകുന്നത്. പശുവളർത്തൽ, ആടും കൂടും പദ്ധതി, കോഴി വളർത്തൽ, പപ്പടപ്പണി, ഗാർമെന്റ്സ്, കുടിൽ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലാണ് പലിശരഹിതര സംരംഭകത്വ വായ്പകൾ അനുവദിക്കുന്നത്. ഈ കോവിഡ് കാലത്തും അംഗങ്ങൾ എടുത്ത വായ്പകൾ സമയബന്ധിതമായി അടച്ച് തീർക്കുന്നതിൽ കണിശത പാലിക്കാൻ അംഗങ്ങൾ കാണിക്കുന്ന മാതൃക ഏറെ അഭിമാനമാണെന്നു തണൽ ഭാരവാഹികൾ പറഞ്ഞു.
അംഗങ്ങൾക്കു വേണ്ടി സ്വയം തൊഴിൽ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു ജൈവ കൃഷി പരിപോഷിപ്പിക്കുന്നതിനു കഴിഞ്ഞ നാലു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന തണൽ പുരയിട കൃഷിയിൽ അഞ്ഞൂറിൽപ്പരം കുടുംബങ്ങൾ പങ്കാളികളായി. ഈ മഹാമാരിയുടെ കാലത്ത് അംഗങ്ങൾക്ക് ഏറെ സഹായകരമായി മാറിയിരിക്കുകയാണ് പുരയിട കൃഷി കുട്ടികളിൽ നല്ല ശീലങ്ങളും സമ്പാദ്യവും വളർത്തുന്നതിനായി തണൽ ബാലസഭകളും തണലിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നു തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, സെക്രട്ടറി എ. മുഹമ്മദ് മുബാറക് എന്നിവർ പറഞ്ഞു.