തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കോണ്‍ഗ്രസ് പരാജയപ്പെട്ടത് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റ പോരിന് വഴിതുറക്കുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ നേതൃത്വത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യത്തിനു പിന്നാലെ പ്രതിഷേധം തെരുവിലെത്തി. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയേയും കെ.സി വേണുഗോപാലിനേയും പരിഹസിച്ച് പ്രതിഷേധ ബാനറുമായി കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം നടന്നു. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ഇരു നേതാക്കള്‍ക്കും നന്ദി അറിയിച്ചാണ് ബാനറുമായി ചിലര്‍ പ്രതിഷേധിച്ചത്. തന്നെ അപമാനിച്ച് പുറത്താക്കാനുള്ള നീക്കം നടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായുള്ള വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധമുണ്ടായത്. ഈ സംഭവത്തില്‍ തങ്ങള്‍ക്കു ബന്ധമില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.
കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഹൈകമാന്‍ഡിന്റെ നീക്കമെന്നും രണ്ടു ദിവസം മുമ്പ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ദയനീയ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ വികാരമുണ്ട്. എന്നാല്‍ പരാജയത്തില്‍ എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഹൈകമ്മാന്‍ഡ് പറഞ്ഞാല്‍ അധ്യക്ഷ പദവി രാജിവെക്കുമെന്നും പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘടത്തില്‍ ഇട്ടെറിഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.
തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം നാളെ നടക്കും. ഈ യോഗത്തിലും മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് സൂചന. എ, ഐ ഗ്രൂപ്പുകളുടെ വടംവലിയും നടന്നേക്കും. കൂടാതെ സാഹചര്യം വിലയിരുത്താന്‍ ഹൈകമ്മാന്‍ഡ് നിരീക്ഷരും കേരളത്തിലെത്തുന്നുണ്ട്. മുതിര്‍ന്ന ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം.പി വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷരായി എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുമായും നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും. നേതൃമാറ്റവും ഇവരുടെ ചര്‍ച്ചയില്‍ വരുമെന്ന് കരുതപ്പെടുന്നു. നാളെ നടക്കുന്ന രാഷ്ട്രീയ സമിതി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും ഓണ്‍ലൈനായി പങ്കെടുക്കും. തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ നിരീക്ഷരായി എത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗം സമിതിയും തോല്‍വി സംബന്ധിച്ച റിപോര്‍ട്ട് ഹൈകമാന്‍ഡിനു ഉടന്‍ കൈമാറും.