ബെംഗളൂരു- അര്‍ബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ബിനീഷ് കോടിയേരി ഒരു ദിവസത്തേക്ക് കേരളത്തിലേക്കു പോകുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു (ഇഡി) ഹൈക്കോടതി. ഇഡി എതിര്‍ത്തതിനെ തുടര്‍ന്ന് ഹര്‍ജി 12നു പരിഗണിക്കാനായി മാറ്റി.
ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. പിതാവിനെ സന്ദര്‍ശിക്കാന്‍ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാര്‍ മുന്‍പാകെ ബിനീഷ് അപേക്ഷിച്ചു. എന്നാല്‍ തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ എസ്.വി. രാജു എതിര്‍ത്തു. ജാമ്യാപേക്ഷ നേരത്തേ 2 തവണ ഇഡി പ്രത്യേക കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.