Sorry, you need to enable JavaScript to visit this website.

കാര്‍ ആശുപത്രിയാക്കി അമ്മയെ കാത്തു; കൂടപ്പിറപ്പുകളുടെ വിജയ കഥ

ലഖ്‌നൗ- ആശുപത്രിയില്‍ സ്ഥലം കിട്ടുന്നതുവരെ ദിവസങ്ങളോളം അമ്മയെ കാറില്‍ കിടത്തി പരിചരിച്ച് സഹോദരങ്ങള്‍. ഒടുവില്‍ സഹോദരനും സഹോദരിക്കും ആശ്വസിക്കാം. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് കൂടപ്പിറപ്പുകളുടെ വിജയകഥ.
അമ്മയ്ക്ക് ഡയാലിസിസ് നടത്തനാണ് ഇരുവരും ലഖിംപുര്‍ ഖേരിയില്‍നിന്ന് ലഖ്‌നൗവിലെത്തിയത്. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ കൂടി സംഘടിപ്പിച്ച് കാറില്‍ തന്നെ ഇവര്‍ അമ്മയെ പരിചരിക്കുകയായിരുന്നു.
45 കാരിയായ പരൂല്‍ സിംഗുമായി നഗരത്തിലെത്തിയ ആകാശും (23) സഹോദരി പായല്‍ സിംഗും (25) അന്നു തന്നെ വീട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അമ്മയ്ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആര്‍.ടി പി.സി.ആര്‍ ടെസ്റ്റ് നടത്തുകയായിരുന്നു.
ആദ്യ ദിവസം കാര്‍ പാര്‍ക്കിംഗിലാണ് ചെലവഴിച്ചത്. അടുത്ത ദിവസം കോവിഡ് പോസിറ്റീവായതിനാല്‍ ഡയാലിസിസ് നടത്താന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. പല സ്വകാര്യ ആശുപത്രികളേയും സമീപിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. ഓക്‌സിന്‍ ലെവല്‍ താഴ്ന്നതോടെ സിലിണ്ടര്‍ കണ്ടത്താനായി അടുത്ത  ശ്രമം. അതും വിജയിച്ചില്ല. ഒടുവില്‍ അച്ഛന്‍ ലഖിംപൂരില്‍നിന്ന് വാടകയ്ക്ക് വണ്ടി വിളിച്ച് ഓക്‌സിജന്‍ എത്തിച്ചു. അച്ഛന് കോവിഡ് ബാധിക്കാതിരിക്കാന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചയച്ചു.
അമ്മയുടെ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതി കാറില്‍ തന്നെ കിടത്തി. ഇതിനിടയില്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടതോടെ ഡയാലിസിസ് നടത്താന്‍ സാധിച്ചു. ഇതിനിടയില്‍ ആകാശിന് കോവിഡ് ബാധിച്ചു. തുടര്‍ന്ന് എല്ലാ കാര്യങ്ങളും നോക്കിയത് സഹോദരി പായലായിരുന്നു. നാല് ദിവസങ്ങള്‍ക്കുശേഷം രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബെഡ് ശരിയായിക്കിട്ടി.
ഏപ്രില്‍ 24 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ കോവിഡ് ഭേദമായതിനെ തുടര്‍ന്ന് ഏപ്രില്‍ 30-ന് ഡിസ്ചാര്‍ജ് ചെയ്തു.

സീരിയല്‍ ബലാത്സംഗ വീരന്‍ അറസ്റ്റില്‍, പീഡിപ്പിച്ച 20 പേരില്‍ പോലീസുകാരിയും

Latest News