മക്ക - വിശ്വാസികൾക്ക് ഏറെ ഉപകാരമായി ഹറംകാര്യ വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി. 'ലവാമിഅ് അൽഅദ്കാർ' എന്ന് പേരിട്ട ആപ്പ് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ പ്രാർഥനകൾ, ദിക്‌റുകൾ, ഹജും ഉംറയുമായും ബന്ധപ്പെട്ട സുന്നത്തുകൾ, വിവരങ്ങൾ, ഹജിനും ഉംറക്കുമിടയിൽ നിഷിദ്ധമായ കാര്യങ്ങൾ എന്നിവയല്ലാം ആപ്പ് നൽകുന്നു.
നമസ്‌കാര സമയങ്ങൾ, ഖിബ്‌ലദിശ നിർണയിക്കൽ, നമസ്‌കാരങ്ങളുടെ പട്ടിക, മക്കയിലെയും മദീനയിലെയും താപനില, ഹറംകാര്യ വകുപ്പിന്റെ അറിയിപ്പുകൾ എന്നിവ അടങ്ങിയ ആപ്പിൽ പ്രാർഥനകളും ദിക്‌റുകളും നമസ്‌കാര സമയങ്ങളും അറിയിപ്പുകളും മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്. ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും ഹറംകാര്യ വകുപ്പിന്റെ അറിയിപ്പ് സന്ദേശങ്ങൾ എളുപ്പത്തിൽ അയക്കാനും സാധിക്കും. ഇരു ഹറമുകളിലെയും തിരക്കുകൾ, തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ എന്നിവ അറിയാനും ആപ്പ് വിശ്വാസികളെയും സന്ദർശകരെയും സഹായിക്കുന്നു.