മക്ക - വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വിശ്വാസികളുടെ പാരായണത്തിനായി മുസ്ഹഫുകള്‍ വീണ്ടും. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരു ഹറമുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുസ്ഹഫുകള്‍ എടുത്തുമാറ്റുകയായിരുന്നു. ഹറംകാര്യ വകുപ്പ് ജീവനക്കാര്‍ ഇരു ഹറമുകളിലും മുസ്ഹഫുകള്‍ തിരികെ സ്ഥാപിക്കുന്നതിന്റെയും വിശ്വാസികള്‍ മുസ്ഹഫുകള്‍ എടുത്ത് പാരായണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ നിരവധി തീര്‍ഥാടരും സന്ദര്‍ശകരും ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
രാജ്യത്തെ മുഴുവന്‍ മസ്ജിദുകളില്‍ നിന്നും മുസ്ഹഫുകളും മറ്റു ഗ്രന്ഥങ്ങളും താല്‍ക്കാലികമായി എടുത്തുമാറ്റല്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.