ന്യൂദൽഹി- സ്മാർട് ഫോൺ ഉപയോഗിച്ച കേസിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കുന്ന പരിഷ്‌ക്കരണം സുപ്രീം കോടതി നടപ്പാക്കുന്നു. ഓരോ കേസിനും ക്യൂ ആർ കോഡ് നൽകി ഈ കോഡ് ഹർജിക്കാരനോ അഭിഭാഷകനോ നൽകും. ഇതുപയോഗിച്ച് എപ്പോൾ വേണമെങ്കിലും കേസിന്റെ നിലവിലെ സ്ഥിതിയും വിശദാംശങ്ങളും പരിശോധിക്കാം. ക്യൂ ആർ കോഡ് റീഡ് ചെയ്യുന്ന ആപ്പ് സ്മാർട് ഫോണിൽ ഉണ്ടായാൽ മാത്രം മതി. സുപ്രീം കോടതിയുടെ ഇകോർട്ട് കമ്മിറ്റിയാണ് ഇത് അവതരിപ്പിച്ചത്.
കേസ് വിശദാംശങ്ങൾ അറിയാൻ അഭിഭാഷകനെ ഇനി കാത്തിരിക്കേണ്ടതില്ല. ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്വന്തം മൊബൈലിൽ തന്നെ പരിശോധിക്കാം. 'കോടതി നടപടികൾ ഡിജിറ്റൽവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പത്തു ദിവസം മുമ്പ് ക്യൂ ആർ കോഡ് നൽകിത്തുടങ്ങി. ഇപ്പോൾ വിചാരണ കോടതികളിൽ മാത്രമാണ് നടപ്പാക്കിയിരിക്കുന്നത്,' ഇകോർട്ട് കമ്മിറ്റി അധ്യക്ഷനായ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എം.ബി ലോകൂർ പറഞ്ഞു.
ഹർജിക്കാർക്ക് കേസുകൾ പരിഗണിക്കുന്ന ദിവസം അറിയിക്കുന്ന ഓൺലൈൻ സേവനം അവതരിപ്പിച്ചതിനു തൊട്ടുപിറകെയാണ് ക്യൂ ആർ കോഡ് പരിഷ്‌കരണവും നടപ്പാക്കിയിരിക്കുന്നത്. നീതിന്യായ സംവിധാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്ന പരിഷ്‌ക്കരണങ്ങളാണിത്. കേസിൽ വാദം കേൾക്കുന്ന ദിവസം തന്നെ ഹർജിക്കാർക്ക് ഒരു മെയിൽ അയക്കും. ഈ ദിവസം നടന്ന നടപടികളും അടുത്ത വാദം കേൾക്കൾ ദിവസവും ഈ മെയിൽ വ്യക്തമാക്കും. വാദം കേൾക്കലിന്റെ തൊട്ടുമുമ്പത്തെ ദിവസവും ഹർജിക്കാരന് ഒരു മെയിൽ ലഭിക്കും. കോടതിയിൽ എന്താണ് നടക്കുന്നതെന്ന പല അഭിഭാഷകരും ഹർജിക്കാരെ അറിയിക്കാറില്ല. ഇതിനു പരിഹാരമായി, കോടതിയിൽ എന്തു നടക്കുന്നു എന്നു വ്യക്തമാക്കി ഹർജിക്കാർക്കു നേരിട്ട് വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്.
എന്താണ് ക്യൂ ആർ കോഡ്?
ബാർ കോഡുകളുടെ പരിഷ്‌കൃത രൂപമാണ് ക്വിക്ക് റെസ്‌പോൺസ് കോഡ് എന്ന ക്യൂ ആർ കോഡ്. ഇത് ദ്വിമാന ബാർ കോഡാണ്. ഇതുപയോഗിച്ച് നാലായിരം അക്ഷരങ്ങൾ വരെ കോഡുകളാക്കി മാറ്റാം. ഈ കോഡ് സ്‌കാൻ ചെയ്യുന്ന ആപ്പുകളും ലഭ്യമാണ്. ടെക്സ്റ്റുകൾ ഡിസ്‌പ്ലെ ചെയ്യാനും, വെബ് ലിങ്കുകൾ ഓപൺ ചെയ്യാനും, കോൺടാക്ട് സേവ് ചെയ്യാനും ടെക്സ്റ്റ് മെസേജുകൾ എഴുതാനും ഇതുപയോഗിച്ച് കഴിയും.