ന്യൂദൽഹി- ടു.ജി കേസിൽ അഴിമതി നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തി മുഴുവൻ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതി വിധിയിൽ ഒന്നും പറയാനില്ലെന്നും എല്ലാം കോടതി പറഞ്ഞിട്ടുണ്ടെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഒരു തെളിവുമില്ലാതെ രണ്ടാം യു.പി.എ സർക്കാറിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു ടു.ജിയെന്ന് മൻമോഹൻ സിംഗ് വ്യക്തമാക്കി.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിനെതിരെ ജനവികാരം ഉയരാനും മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വരാനുമുള്ള വഴിയൊരുക്കിയ കേസായിരുന്നു ടു.ജി. കോൺഗ്രസിനെയും ഡി.എം.കെയെയും പ്രതിരോധത്തിലാക്കുകയും മുന്നണി ബന്ധം തകരുകയും ചെയ്ത ആരോപണവുമായിരുന്നു അത്.
ടു.ജി അഴിമതി ആരോപണത്തിൽ ഒരു തരിമ്പ് പോലും ശരിയുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതായി മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. മുൻ സി.എ.ജി വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് വിനോദ് റായ് പറഞ്ഞു. ടു.ജി കേസ് സംബന്ധിച്ച് സർക്കാർ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ വ്യക്തമാക്കണമെന്നും കബിൽ സിബൽ ആവശ്യപ്പെട്ടു. രാജ ടെലികോം വകുപ്പ് ഒഴിഞ്ഞ ശേഷം കബിൽ സിബലായിരുന്നു ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ടു.ജിയിൽ തെറ്റായി ഒന്നും നടന്നിട്ടില്ലെന്നും കബിൽ സിബൽ പറഞ്ഞു.കേസിൽ ആരോപണവിധേയനായ ഡി. രാജ ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടിയെന്ന് കനിമൊഴി പറഞ്ഞു.