ന്യൂദല്‍ഹി- രാജ്യം അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോള്‍ പ്രധാനമന്ത്രിയുടെ പുതിയ വീടിന്റെ പണി സമയബന്ധിതമായി തീര്‍ക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടാതെ തുടരുമ്പോള്‍ പ്രധാനമന്ത്രിയുടെ പുതിയ വസതി നിര്‍മാണം 2022 ഡിസംബറിനു മുമ്പായി തീര്‍ക്കാന്‍ സമയപരിധി തീരുമാനിച്ചിരിക്കുകയാണിന്ന് സര്‍ക്കാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് പുതിയ വീടും പണിയുന്നത്. കോവിഡ് സംഹാരതാണ്ഡവമാടുന്നതിനിടെ സര്‍ക്കാര്‍ ഈ പദ്ധതിക്ക് എല്ലാ പാരിസ്ഥിതിക അനുമതികളും നല്‍കിയിരിക്കുകയാണ്.
ദല്‍ഹിയില്‍ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേന്ദ്രം കോടികള്‍ മുടക്കിയുള്ള ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടു പോകുകയാണ്. മറ്റെല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും അവശ്യ സേവന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.
അടുത്ത വര്‍ഷത്തോടെ പണി പൂര്‍ത്തിയാകുന്ന ഈ പദ്ധതിയുടെ കെട്ടിടങ്ങളില്‍ ഒന്ന് പ്രധാനമന്ത്രിയുടെ പുതിയ വസതിയായിരിക്കുമെന്നാണ് ഇന്ന് പുറത്തു വന്ന വിവരം. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആസ്ഥാനവും ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ഒരു എക്‌സിക്യൂട്ടീവ് എന്‍ക്ലേവും ഇവയില്‍ ഉള്‍പ്പെടും.
നിലവിലെ പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗ് (നേരത്തെ റെയ്‌സ് കോഴ്‌സ് റോഡ്)ലെ വിശാലമായ നാലു ബംഗ്ലാവ് സമുച്ചയം പുതിയ വസതിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. സെന്‍ട്രല്‍ വിസ്റ്റയുടെ ഭാഗമായി പണിയുന്ന ഉപരാഷ്ട്രപതിയുടെ വസതി അടുത്ത മേയില്‍ പണി തീരും.
ഈ പദ്ധതിക്കെതിരെ നേരത്തെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നിരുന്നു. കോടികള്‍ മുടക്കി അനാവശ്യ നിര്‍മാണം നടത്തുന്നുവെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്തും വേണ്ടത്ര ഓക്‌സിജനും ചികിത്സാ സൗകര്യങ്ങളും ഒരുക്കാതെ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെതിരേയും ഇപ്പോള്‍ പ്രതിപക്ഷം രംഗത്തുണ്ട്.