ന്യൂദല്‍ഹി- കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇകഴ്ത്താനല്ലെന്നും യഥാര്‍ഥ സ്പിരിറ്റിലെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.
വിചാരണയ്ക്കിടെ കോടതി വാക്കാല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പൊതു ജന താത്പര്യാര്‍ഥം ഉള്ളതാണ്. കോടതിക്കുള്ളില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. കോടതിയും അഭിഭാഷകരും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. കോടതിയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജഡ്ജിമാരിലും ജുഡീഷ്യല്‍ നടപടികളിലും ഉള്ള ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികള്‍ തെരഞ്ഞെടുപ്പു കമ്മീഷനും ഉദ്യോഗസ്ഥന്‍മാരും മാത്രമാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുത്തത്. ജുഡീഷ്യല്‍ നടപടികളുടെ പവിത്രതയുടെ കാവലാളാണ് മാധ്യമങ്ങളെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കോടതിയില്‍ വിചാരണക്കിടെ നടക്കുന്ന സംഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും അന്തിമ വിധി മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും മാധ്യമങ്ങളോട് നിര്‍ദേശിക്കാനാകില്ല. കോടതിയില്‍ നടുക്കുന്ന സംഭാഷണങ്ങള്‍ കോടതിയും അഭിഭാഷകരും തമ്മിലുള്ളതാണ്. അത് റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ കടമ കൂടിയാണ്. കേസുകളില്‍ അന്തിമ വിധികള്‍ മാത്രമല്ല, ഇത്തരം സംഭാഷണങ്ങള്‍ കൂടി ജനങ്ങളെ ബാധിക്കുന്നവയാണെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കോടതിക്കുള്ളില്‍ നടക്കുന്നതെന്നും ജനങ്ങളെ ബാധിക്കുന്നതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
കോടതിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അത് കൂടുതല്‍ ഉത്തരവാദിത്ത ബോധമുണ്ടാക്കുമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വാക്കാലുള്ള പരാമര്‍ശങ്ങള്‍ പൊതു ജന താത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം കയ്പുള്ള ഗുളിക കഴിക്കുന്ന കണക്കെ അതിന്റെ ശരിയായ അര്‍ഥത്തില്‍ എടുക്കണമെന്നും ജസ്റ്റീസ് എം.ആര്‍ ഷാ തെരഞ്ഞെടുപ്പു കമ്മീഷനോട് നിര്‍ദേശിച്ചു.
ഹൈക്കോടതികളോട് അന്തിമ വിധി മാത്രം പുറപ്പെടുവിച്ചാല്‍ മതിയെന്ന് സുപ്രീംകോടതിക്ക് നിര്‍ദേശിക്കാനാകില്ല. കോവിഡ് കാലത്ത് ഹൈക്കോടതികള്‍ കഠിനമായി ജോലി ചെയ്യുന്നുണ്ട്. താഴെത്തട്ടില്‍ എന്താണ് നടക്കുന്നത് എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. ഇത്തരം സാഹചര്യത്തില്‍ ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
തൂക്കിലേറ്റണം എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം കടുത്തു പോയെന്നു സുപ്രീംകോടതിയും പറഞ്ഞു. എന്നാല്‍, കടുത്ത ആശങ്ക മനോവേദനയുടെയും നിരാശയുടെയും പുറത്തായിരിക്കും ഹൈക്കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയെതെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. കേസില്‍ വ്യാഴാഴ്ച വിധി പറയാമെന്നാണ് സുപ്രീംകോടതി ഇന്നലെ പറഞ്ഞത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കോവിഡ്് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.