Sorry, you need to enable JavaScript to visit this website.

2ജി കേസില്‍ എ.രാജ, കനിമൊഴി തുടങ്ങിയവരെ വെറുതെ വിട്ടു 

ന്യൂദല്‍ഹി-  സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെട്ട ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.പി.എ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ കേസിലെ പ്രതികളെ വെറുതെ വിട്ടത്. 
ദല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജയും ഡിഎംകെ എം.പി കനിമൊഴിയും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. വിധി കേള്‍ക്കാനായി രാജയും കനിമൊഴിയും കോടതിയിലെത്തിയിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്ന് ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണ് വിചാരണ നേരിട്ടത്. 
റിലയന്‍സ് അടക്കം ടെലികോം കമ്പനികളും, കമ്പനി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലുണ്ട്. 2011 നവംബര്‍ 11-ന്  ആരംഭിച്ച വിചാരണ ഈ വര്‍ഷം ഏപ്രില്‍ 19 നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. 
ഒരുകോടി 76 ലക്ഷം കോടി രൂപയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയിരുന്നത്. എന്നാല്‍, 122 ടുജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സി.ബി.ഐ കേസ്.

Latest News