ചെന്നൈ- തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. 155 സീറ്റുകള്‍ നേടിയാണ് ഡിഎംകെ സഖ്യം അധികാരം പിടിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 56 സീറ്റുകള്‍ അധികം നേടിയാണ് ഡിഎംകെ സഖ്യത്തിന്റെ ഉജ്ജ്വല വിജയം. എഐഎഡിഎംകെ സഖ്യത്തിന് 78 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. 55 സീറ്റുകളാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് നഷ്ടമായത്.
കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ വിജയം സ്വന്തമാക്കിയത്. അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയ സമ്പത്തിന്റെ ബലത്തിലാണ് സ്റ്റാലിന്‍ തമിഴ്‌നാടിന്റെ അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. അര ഡസനിലധികം പാര്‍ട്ടികളുമായി ശക്തമായ സഖ്യം ചേര്‍ന്നായിരുന്നു സ്റ്റാലിന്റെ നീക്കം. ഡിഎംകെയോടൊപ്പം കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎ എന്നീ കക്ഷികള്‍ നിലയുറപ്പിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയായിരുന്നു സ്റ്റാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. പത്തുവര്‍ഷം ഭരിച്ച എഐഎഡിഎംകെയ്‌ക്കെതിരെ രൂപപ്പെട്ട ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വിഭാഗങ്ങളിലുള്‍പ്പടെയുണ്ടായ ബിജെപി വിരുദ്ധ മാനസികാവസ്ഥയും കൃത്യമായി വോട്ടാക്കി മാറ്റാന്‍ ഡിഎംകെയ്ക്കു കഴിഞ്ഞു.