ന്യുദല്‍ഹി- ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം ദല്‍ഹിയിലെ പ്രത്യേക കോടതി ഇന്ന് പറഞ്ഞേക്കും.
കേസ് അന്വേഷിച്ച സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് 2011-ലായിരുന്നു. 2ജി സ്പെക്ട്രം ചില കമ്പനികള്‍ക്ക് അനുകൂലമായി ലേലം ചെയ്തതു വഴി പൊതുഖജനാവിന് 1,76,000 കോടി രൂപ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. ഏറ്റവും വലിയ അഴിമതി എന്നതിനു പുറമെ അറസ്റ്റിലായവരെല്ലാം പ്രമുഖരാണെന്നതും ഈ കേസിന്റെ പ്രത്യേകതയാണ്. മുന്‍ കേന്ദ്ര മന്ത്രി എ രാജ, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവരാണ് പ്രതികള്‍.
സിബിഐ രജിസറ്റര്‍ ചെയ്ത രണ്ടു കേസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസും ഉള്‍പ്പെടുന്നതാണ് 2ജി കേസ്. മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയും മറ്റുള്ളവരും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസ് പ്രമുഖ കമ്പനിയായ എസ്സാര്‍ ഉടമകള്‍ക്കെതിരെയാണ്. എ രാജയുള്‍പ്പെടെ ചില ഉന്നതരും കമ്പനികള്‍ക്കുമെതിരെ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്.