തിരുവനന്തപുരം- തകർപ്പന്‍ വിജയം നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം.പി. പിണറായി വിജയിന് ട്വിറ്ററിലൂടെ അദ്ദേഹം ആശംസകൾ അറിയിച്ചു.
ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്. കോവിഡിനും വർഗീയതക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് തീർച്ചയായും പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
കോൺഗ്രസിലെ തന്‍റെ പല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് നിരാശാജനകമായ ദിവസമാണെന്നും ശശി തരൂർ പറഞ്ഞു. നിങ്ങൾ ഒരു നല്ല പോരാട്ടം കാഴ്ചവെച്ചു. കോൺഗ്രസിൽ നിന്ന് താൻ കണ്ട ഊർജ്ജവും പ്രതിബദ്ധതയും പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയാണ്. പരാജയത്തിൽ നിരാശപ്പെടരുത്. പാർട്ടിയെ പുതുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശശി തരൂർ പറഞ്ഞു.